'മോദിയെ കാണും': യു.എസിലെത്തുന്ന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡൊണാൾഡ് ട്രംപ്

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ട്രംപിന്‍റെ പ്രഖ്യാപനം

Update: 2024-09-18 03:25 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മോദിയുടെ യു.എസ് സന്ദർശനത്തിനിടെ അടുത്തയാഴ്ചയായിരിക്കും കൂടിക്കാഴ്ച. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിനിടെ മിഷിഗണിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ- യു.എസ് ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

അതേസമയം എവിടെവച്ചായിരിക്കും കൂടിക്കാഴ്ച എന്നത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. സെപ്തംബർ 21 നാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മോദി യു.എസിലെത്തുന്നത്. യു.എസ്സിലെ ഡെലവെറയിൽ നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ, യു.എസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.

സെപ്തംബർ 22 ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രസിഡന്റായിരിക്കെ ട്രംപും മോദിയും തമ്മിൽ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 2020 ഫെബ്രുവരിയിലാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. പ്രസിഡന്റായിരിക്കെയുള്ള ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനിടെയായിരുന്നു ഇത്. ഹൂസ്റ്റണിലെ 'ഹൗഡി മോദി', റാലിയും ഇന്ത്യയിലെ 'നമസ്‌തേ ട്രംപ്' റാലിയും വലിയ ചർച്ചയായിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News