‘ഞങ്ങളെ കാണാൻ വരരുത്’; നെതന്യാഹുവിനോട് അമർഷത്തോടെ ഇസ്രായേൽ സൈനികർ
പരിക്കേറ്റ 18 സൈനികരിൽ 15 പേരും തങ്ങളുടെ അടുത്തേക്ക് പ്രധാനമന്ത്രി വരേണ്ട എന്ന നിലപാടാണ് എടുത്തത്
ജറൂസലേം: ഗസയിൽ ഹമാസിനോടുള്ള കരയുദ്ധത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണാൻ വിസമ്മതിച്ചു. ബുധനാഴ്ച ഹദാഷ ആശുപത്രിയിലാണ് സംഭവമെന്ന് ഇസ്രായേലിലെ ചാനൽ 13 റിപ്പോർട്ട് ചെയ്യുന്നു.
‘ഞാൻ ഹദാഷ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ സമയം മെഡിക്കൽ ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയെ കാണണോ എന്ന് ചോദിച്ചു. തീർച്ചയായും ഞാനത് വേണ്ട എന്ന് പറഞ്ഞു’ -പേര് വെളിപ്പെടുത്താത്ത സൈനികൻ പറഞ്ഞു.
‘പരിക്കേറ്റ 18 സൈനികരിൽ 15 പേരും തങ്ങളുടെ മുറിയിലേക്ക് പ്രധാനമന്ത്രി വരേണ്ട എന്ന നിലപാടാണ് എടുത്തത്. നെതന്യാഹു നയിക്കുന്ന ലിക്കുഡ് പാർട്ടിയുടെ ശക്തികേന്ദ്രമായ ജറൂസലേമിലാണ് ഞാനുള്ളത്. ഇവിടെ മാറ്റം പ്രകടമാണ്. ലിക്കുഡ് പാർട്ടിയുടെ കാലം അവസാനിക്കുകയാണ്’ -സൈനികൻ വ്യക്തമാക്കി.
അതേസമയം, സംഭവം ആശുപത്രി വൃത്തങ്ങൾ നിഷേധിച്ചു. ‘നെതന്യാഹു പരിക്കേറ്റവരുടെ അടുത്തേക്ക് വന്നു. അവർ വളരെ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സമ്പൂർണ വിജയം നേടാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പരിക്കേറ്റ സൈനികരോട് വ്യക്തമാക്കി’ -ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ചയും നെതന്യാഹുവിനെ പരിക്കേറ്റ സൈനികർ കാണാൻ വിസമ്മതിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. തെൽ അവീവിലെ ഷേബ മെഡിക്കൽ സെന്ററിലായിരുന്നു സംഭവം.
കഴിഞ്ഞദിവസം ഇസ്രായേൽ സേന പുറത്തുവിട്ട കണക്ക് പ്രകാരം ഹമാസിന്റെ ആക്രമണത്തിൽ ഇതുവരെ 164 പേർ കൊല്ലപ്പെട്ടതായും 874 പേർക്ക് പരിക്കേറ്റതായും അറിയിച്ചിരുന്നു. ഇതിൽ 329 പേർക്ക് ഗുരുതര പരിക്കാണുള്ളത്.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിൽ നെതന്യാഹുവിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. കൂടാതെ പരിക്കേറ്റ സൈനികർക്ക് സർക്കാർ മതിയായ പരിചരണം നൽകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.