ഇസ്രായേലിൽ ഭീകരാക്രമണമെന്ന് സംശയം; ഐഡിഎഫ് പരിശീലന കേന്ദ്രത്തിന് സമീപം ട്രക്ക് ഇടിച്ചുകയറി 50 ലേറെ പേർക്ക്
നിരവധിപേരുടെ നില ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
തെൽ അവീവ്: മധ്യ ഇസ്രായേലിലെ സൈനികപരിശീലനകേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 50 ലേറെ പരിക്ക്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പരിശീലന കേന്ദ്രത്തിന് സമീപമാണ് ദുരൂഹമായ അപകടമുണ്ടായിരിക്കുന്നത്. 50 ലേറെ പേർക്ക് പരിക്കേറ്റെന്നും നിരവധിപേരുടെ നില ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പരിക്കേറ്റവരിൽ 24 പേരെ റാബിൻ മെഡിക്കൽ സെന്ററിലേക്കും മറ്റുള്ളവരെ തെൽ അവീവ് സൗരാസ്‌കി മെഡിക്കൽ സെന്റിലേക്കും മാറ്റി. പരിക്കേറ്റവരിൽ ഭൂരിഭാഗവും ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിലെ യാത്രക്കാരാണെന്നാണ് റിപ്പോർട്ട്. ടൂറിസ്റ്റ് സംഘമാണ് അപകടത്തിൽപ്പെട്ടതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
നിയന്ത്രണം വിട്ടെത്തിയ ട്രക്ക് നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ ട്രക്കിനടിയിൽ നിരവധി ആളുകൾ കുരുങ്ങികിടക്കുന്ന അവസ്ഥയാണ് കണ്ടതെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആൾക്കാർ വാഹനങ്ങൾക്കിടയിലും അടിയിലുമായി കുരുങ്ങികിടക്കുകയാണ്. കൂട്ടിയിടിയിൽ ട്രക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റതായും രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വെടിവെച്ചുകൊന്നാതയും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇസ്രായേലിന്റെ വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.