നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം? വടക്കൻ ഇസ്രായേലിലെ സന്ദർശനത്തിനു തൊട്ടുമുൻപ് സ്‌ഫോടനം

ഒക്ടോബർ 13നായിരുന്നു ഇസ്രായേൽ തീരനഗരമായ സീസറിയയിലുള്ള നെതന്യാഹുവിന്റെ വസതിക്കുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണമുണ്ടായത്

Update: 2024-11-05 10:23 GMT
Editor : Shaheer | By : Web Desk
Advertising

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ട്. വടക്കൻ ഇസ്രായേലിൽ നെതന്യാഹുവിന്റെ സന്ദർശനത്തിനു തൊട്ടുമുൻപ് ഡ്രോൺ ആക്രമണം നടന്നു. ഹിസ്ബുല്ല ആക്രമണം ശക്തമായ മേഖലയിലാണു സംഭവം. ഇതേതുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നു.

ലബനാൻ അതിർത്തിയോട് ചേർന്ന മെറ്റൂലയിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സുരക്ഷാഭീഷണിയെ തുടർന്ന് മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാരെയും മേഖലയിൽ സേവനത്തിലുള്ള സൈനികരെയും കാണാനായി നെതന്യാഹു എത്തുന്നതിന് 20 മിനിറ്റ് മുൻപാണ് ഡ്രോൺ പൊട്ടിത്തെറിച്ചത്. ആക്രമണസമയത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ ഏതാനും വാഹനങ്ങൾ സ്ഥലത്തെത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

സ്‌ഫോടനത്തിനു പിന്നാലെ യാത്ര റദ്ദാക്കി നെതന്യാഹു മടങ്ങുകയായിരുന്നു. അതേസമയം, നാട്ടുകാരെ കാണാതെ മടങ്ങാൻ തീരുമാനിച്ചതായുള്ള വാർത്തകൾ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. മെറ്റൂല യാത്ര റദ്ദാക്കാൻ നെതന്യാഹു ആവശ്യപ്പെട്ടിട്ടില്ലെന്നാണു വിശദീകരണം. സംഭവം നടന്ന ശേഷവും സന്ദർശനവുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ ജീവനക്കാർ യാത്ര റദ്ദാക്കണമെന്നു കർശനമായി നിർദേശിച്ചതിനാലാണു തീരുമാനം മാറ്റിയതെന്നും വിശദീകരണത്തിൽ പറയുന്നു.

ഏതാനും ആഴ്ചകൾക്കിടെ ഇതു രണ്ടാം തവണയാണ് നെതന്യാഹുവിനെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്. നേരത്തെ, ഇസ്രായേൽ തീരനഗരമായ സീസറിയയിൽ അദ്ദേഹത്തിന്റെ വസതിയിൽ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സംഭവസമയത്ത് ഇസ്രായേൽ പ്രധാനമന്ത്രിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. വസതിക്കു കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഞായറാഴ്ച ലബനാൻ അതിർത്തിയിലെ ഇസ്രായേൽ പ്രദേശങ്ങൾ നെതന്യാഹു സന്ദർശിച്ചിരുന്നു. നോർത്തേൺ കമാൻഡ് ഓഫീസർ ജനറൽ ഒറി ഗോർഡിൻ, ഡിവിഷൻ 91 കമാൻഡർ ബ്രിഗേഡിയർ ജനറൽ ഷായ് ക്ലെപർ ഉൾപ്പെടെയുള്ള സൈനികർക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. മേഖലയിൽ രൂക്ഷമായ വ്യോമാക്രമണമാണ് ഹിസ്ബുല്ല തുടരുന്നത്. ഇതേ തുടർന്ന് ഇവിടങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഇസ്രായേലികളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചിരുന്നു. മറ്റു പ്രദേശങ്ങളിലെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ് ഇവരെ.

മേഖലയിലെ സാഹചര്യങ്ങൾ നെതന്യാഹു കമാൻഡർമാരുമായി വിലയിരുത്തി. ഹിസ്ബുല്ല ആക്രമണം ചെറുക്കാനും തിരിച്ചടിക്കാനുമുള്ള പദ്ധതികളും ചർച്ച ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർത്തേൺ നഹാൽ ബ്രിഗേഡിന്റെ ഭാഗമായ റിസർവ് കമാൻഡർമാരുമായും കൂടിക്കാഴ്ച നടന്നു. ഗലീലി ആക്രമിക്കാനായി ഹിസ്ബുല്ല സജ്ജമാക്കിയ മുഴുവൻ 'ഭീകരവാദികളെ'യും ഇല്ലാതാക്കാനുള്ള ധീരമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും ലബനാന്റെ എല്ലാ ഭാഗങ്ങളും ആക്രമിക്കുമെന്നും സന്ദർശനത്തിനുശേഷം നെതന്യാഹു മുന്നറിയിപ്പ് നൽകി.

അതേസമയം, ഒക്ടോബർ 13നായിരുന്നു സീസറിയയിൽ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. നെതന്യാഹുവിന്റെ വസതി തന്നെയാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മണിക്കൂറുകൾക്കകം സ്ഥിരീകരിക്കുകയും ചെയ്തു.

Summary: Drone explodes near Northern Israel's Metula 20 minutes before Benjamin Netanyahu's visit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News