മയക്കുമരുന്ന് മണത്ത് പിടിക്കാൻ ഇനി അണ്ണാൻമാരും; പൊലീസ് സേനയിൽ ചേർക്കും

അണ്ണാന്മാർ മയക്കുമരുന്ന് കണ്ടെത്തൽ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോ​ഗസ്ഥ പറഞ്ഞു.

Update: 2023-02-12 13:18 GMT
Advertising

ബെയ്ജിങ്: മയക്കുമരുന്ന് മണത്തു പിടിക്കാൻ അണ്ണാൻമാർക്ക് പരിശീലനം ആരംഭിച്ച് ചൈന. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, വെയർഹൗസുകൾ, അതിർത്തി ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായാണ് അണ്ണാന്മാരെ പരിശീലിപ്പിക്കുന്നത്.

ഇത്തരം അണ്ണാൻമാരുടെ ഒരു സ്ക്വാഡ് പരിശീലനത്തിനു ശേഷം പൊലീസ് സേനയിൽ ചേരാൻ ഒരുങ്ങുകയാണ്. ഘ്രാണശക്തിക്ക് പേരുകേട്ട അണ്ണാന്മാർ ചൈനീസ് പൊലീസ് സേനയിലെ നാർക്കോട്ടിക്സ് വകുപ്പിൽ ചേരുമെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌ക്വിങ് മുനിസിപ്പാലിറ്റിയിലാണ് ഇത്തരം പരിശീലനം ലഭിച്ച അണ്ണാന്മാരെ ആദ്യം നിയോ​ഗിക്കുന്നത്. ഇവിടുത്തെ ഒരു കെട്ടിടത്തിൽ മയക്കുമരുന്നുകളുടെ സാന്നിധ്യം പരിശോധിക്കാനാണ് ഇതെന്ന് ദ ​​ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

യുറേഷ്യൻ ചുവന്ന അണ്ണാന്മാർ ആണ് മയക്കുമരുന്ന് മണത്തുപിടിക്കാൻ നിയോ​ഗിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം അണ്ണാന്മാരുടെ മയക്കുമരുന്ന് കണ്ടുപിടിക്കാനുള്ള കഴിവ് പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

"അണ്ണാന് മണം പിടിക്കാനുള്ള നല്ല ​കഴിവുണ്ട്. സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് തിരയലിന് എലികളെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾക്ക് പക്വത കുറവാണ്"- ചോങ്‌ക്വിങ്ങിലെ ഹെചുവാൻ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പൊലീസ് ഡോഗ് ബ്രിഗേഡിന്റെ ചുമതലക്കാരിയായ യിൻ ജിൻ പറഞ്ഞതായി ദി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നായകൾക്ക് കടന്നെത്താൻ ആവാത്ത ചെറിയ സ്ഥലങ്ങളിലും മയക്കുമരുന്ന് കണ്ടെത്താനായി അണ്ണാന്മാരെ തെരഞ്ഞെടുക്കുന്നു. കട്ടിയുള്ള പാക്കറ്റുകളിലും മറ്റുമുള്ള മയക്കുമരുന്നുകളും അനുബന്ധ നിരോധിത ലഹരി വസ്തുക്കളും മണത്തു കണ്ടുപിടിക്കാനും അണ്ണാൻമാർ മിടുക്കരാണ്.

അണ്ണാന്മാർ മയക്കുമരുന്ന് കണ്ടെത്തൽ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് യിൻ ജിൻ ഒരു പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. വർഷങ്ങളോളം നീണ്ട ഗവേഷണത്തിനൊടുവിലാണ് അണ്ണാന്മാരെ പരിശീലിപ്പിക്കാൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News