ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 434 സൈനികരുടെ പേര് വിവരങ്ങൾ ഇന്ന് ഇസ്രായേൽ പ്രസിദ്ധീകരിച്ചു.
ഗസ്സ: ഗോലാനി ബ്രിഗേഡിലെ ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ. അൽ ഖസ്സാം ബ്രിഗേഡിന്റെ മിന്നലാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 434 സൈനികരുടെ പേര് വിവരങ്ങൾ ഇന്ന് ഇസ്രായേൽ പ്രസിദ്ധീകരിച്ചു. ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത് കരയാക്രമണത്തിലാണ് ഇതിൽ 105 പേർ കൊല്ലപ്പെട്ടത്. ഗസ്സ അതിർത്തിയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 57 സൈനികരെയും ജറുസലേമിലും വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ട സൈനികരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ വീണ്ടും പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ ഇസ്രായേലും അമേരിക്കയും അടക്കം 10 രാജ്യങ്ങൾ എതിർത്തു വോട്ട് ചെയ്തു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു.