ലബനാനിൽ ഹിസ്ബുല്ലയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ഒമ്പത് പേർ കൊല്ലപ്പെട്ടു, 2750 പേർക്ക് പരിക്ക്

പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന.

Update: 2024-09-17 18:10 GMT
Advertising

ബെയ്റൂത്ത്: ലബനാനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. ഒരു പെൺകുട്ടിയടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. 2750 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് പൊട്ടിത്തെറിച്ചത്. ബേക്കാ താഴ്‌വരയിൽ നിന്നുള്ള എട്ട് വയസുകാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടി.

വാർത്താ സമ്മേളനത്തിൽ ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അൽ അബ്‌യാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് ഹിസ്ബുല്ല ആരോപിച്ചു. തിരിച്ചടിയുണ്ടാവുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന. 

പ്രാദേശിക സമയം 3.30ഓടെ ലെബനാനിലുടനീളം വലിയ പൊട്ടിത്തെറികൾ ഉണ്ടാവുകയായിരുന്നു. എല്ലാ അതിർത്തികളിലും ഒരേസമയത്തായിരുന്നു പൊട്ടിത്തെറി. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കൾക്കും ലെബനാനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനി അടക്കമുള്ളവർക്കും പരിക്കേറ്റു.

പരിക്കേറ്റവരിൽ 200ലധികം പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളമുള്ള 100ലേറെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രികൾ പലതും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സ്ഥലമില്ലാത്തതിനാൽ മറ്റിടങ്ങളിലേക്കു മാറ്റാനുള്ള ശ്രമവും പുരോ​ഗമിക്കുന്നുണ്ടെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു.

ഫലസ്തീൻ ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഇസ്രായേലിന്റെ ഈ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഹിസ്ബുല്ല വിശദമാക്കി. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി, പരിക്കേറ്റ അമാനിക്ക് അടിയന്തര വൈദ്യസഹായം നൽകിയതിന് ലെബനന് നന്ദി പറയുകയും ചെയ്തു.

ആക്രമണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് നിഗമനം. പേജറുകൾ മൊസാദിന്റെ തന്നെ തന്ത്രം ഉപയോഗിച്ച് ഇസ്രായേലിൽനിന്ന് തന്നെ കൈമാറിയതാവാം എന്നും ഹിസ്ബുല്ല കരുതുന്നു. പച്ചക്കറി കടകളിലും സൂപ്പർമാർക്കറ്റുകളടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും സ്ഥാപിച്ചിരുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്.

അതേസമയം, പേജറുകൾ പൊട്ടിത്തെറിച്ച സംഭവം ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളം വലിയ സുരക്ഷാ വീഴ്ചയായാണ് കാണുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രൂപത്തിൽ ഇസ്രായേലിലെ ഉദ്യോഗസ്ഥരിലൊരാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചെങ്കിലും ഉടൻതന്നെ അത് ഡിലീറ്റ് ചെയ്തിരുന്നു.

ലെബനനിലെ സംഭവവികാസങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രതികരിച്ചു. സ്ഫോടനത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടെങ്കിൽ ഖേദിക്കുന്നുവെന്നും ഡുജാറിക് പറഞ്ഞു. ആക്രമണത്തിനെതിരെ ഹൂതികളും രം​ഗത്തെത്തി. ആക്രമണം ക്രൂരമായ കുറ്റകൃത്യവും ലെബനന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഹൂതി വക്താവ് മുഹമ്മദ് അബ്ദുൽസലാം വ്യക്തമാക്കി. 

അതേസമയം, പേജർ സ്‌ഫോടനത്തിൽ ഹിസ്ബുല്ലയുടെ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യാൻ ഇസ്രായേൽ മന്ത്രിസഭ ചേരാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News