മാഫിയകൾ തമ്മിൽ ഏറ്റുമുട്ടി,81 മരണം; എൽ സാൽവദോറിൽ അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ എൽ സാൽവദോർ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിച്ചതോടെ, പൊലീസ് അധികാരങ്ങൾ വിപുലീകരിക്കുകയും പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു
സാൻ സാൽവദോർ: മധ്യ അമേരിക്കയിലെ എൽ സാൽവദോറിൽ സായുധ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് നയീബ് അർമാൻഡോ ബുകേലെയുടെ അഭ്യർഥന എൽ സാൽവദോർ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 പേരും ശനിയാഴ്ച 67 പേരും കൊല്ലപ്പെട്ടതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയത്.
അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ എൽ സാൽവദോർ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിച്ചതോടെ, പൊലീസ് അധികാരങ്ങൾ വിപുലീകരിക്കുകയും പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു. 'ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല, ഈ യുദ്ധത്തിൽ പിന്നോട്ടു പോകുകയുമില്ല, കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരും' എൽ സാൽവദോർ നാഷനൽ സിവിൽ പൊലീസ് ട്വീറ്റ് ചെയ്തു.
1979 മുതൽ 1992 വരെ എൽ സാൽവദോറിലുണ്ടായ ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്‌കാരത്തിനു വളമേകിയതെന്ന് നിരീക്ഷകർ പറയുന്നു. എൺപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ഈ യുദ്ധത്തോടെയാണ് സൈന്യത്തിന്റെയും വിമതരുടെയും ആശീർവാദത്തോടെ ഗ്യാങ് സംസ്‌കാരം എൽ സാൽവദോറിൽ പിടിമുറുക്കിയത്.
അതേസമയം, സെന്റർ മെക്‌സിക്കോയിലുണ്ടായ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മൈക്കോകാൻ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരു ആഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണം.
മൂന്ന് സ്ത്രീകൾ ഉൾപ്പടെ 19 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിനുണ്ടായ കാരണം അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
മെക്‌സിക്കോയിൽ കലാപങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാൻ. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാകാം വെടിവെപ്പിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.