തളരില്ല... യുക്രൈനിൽ വെളിച്ചം തിരികെ: വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി സെലൻസ്‌കി
യുക്രൈനിലെ 30 ശതമാനത്തോളം വൈദ്യുതി നിലയങ്ങളും തകരാറിലാണ്
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് തടസപ്പെട്ട വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി. വൈദ്യുതി നിലയങ്ങൾക്ക് നേരെയുള്ള റഷ്യൻ വ്യോമാക്രമണം യുക്രൈൻ ജനതയുടെ ജീവിതം ഇരുട്ടിലാക്കിയിരുന്നു. രൂക്ഷമായ വൈദ്യുതി തടസമാണ് രാജ്യത്തുണ്ടായത്. യുക്രൈനിലെ 30 ശതമാനത്തോളം വൈദ്യുതി നിലയങ്ങളും തകരാറിലായി. ഇലക്ട്രിക് വാഹന സർവീസുകളടക്കം നിർത്തിവെച്ചിരിക്കുകയാണ്.
എന്നാൽ, ഈ അവസ്ഥയിൽ നിന്ന് യുക്രൈൻ കരകയറിക്കൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. എങ്കിലും, ചില നഗരങ്ങളിൽ വൈദ്യുതി നിയന്ത്രണം തുടർന്നേക്കുമെന്നും സെലൻസ്‌കി പറഞ്ഞു.
രാജ്യം ഇരുട്ടിലായിട്ടും യുക്രൈൻ ജനത തളർന്നിരുന്നില്ല. തലസ്ഥാനമായ കീവിലെ റെസ്റ്റോറന്റിൽ നടന്ന വേറിട്ട പ്രതിഷേധം രാജ്യാന്തര തലത്തിൽ ശ്രദ്ധനേടുകയുണ്ടായി. കീവിലെ റസ്റ്റോറന്റിൽ മെഴുകുതിരി വെട്ടത്തിൽ ഭക്ഷണം കഴിക്കുന്ന ആളുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു യുദ്ധത്തിനും തങ്ങളെ തോല്പിക്കാനാകില്ലെന്നും ഏത് പ്രതിസന്ധിയെയും തങ്ങൾ തരണം ചെയ്യുമെന്നും ഭക്ഷണം കഴിക്കാനെത്തിയവർ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഇതിനിടെ അറ്റകുറ്റപണികൾ നടക്കുന്ന യുക്രൈനിലെ വൈദ്യുത നിലയങ്ങൾക്ക് നേരെ വീണ്ടും ആക്രമണം നടത്താൻ റഷ്യ പദ്ധതിയിടുന്നതായി സെലൻസ്‌കി പറഞ്ഞു. ചില സാങ്കേതിക വിദഗ്ധർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സെലൻസ്‌കി ആരോപിച്ചു.