കോവിഡ് വ്യാപനം; പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കണമെന്ന് കിം
ചൈനയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന പക്ഷികളും മൃഗങ്ങളും കോവിഡ് പരത്തുമെന്നാണ് കിമ്മിന്‍റെ വാദം.
കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കണമെന്ന വാദവുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ചൈനയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്നതിനാലാണ് കിം സൈന്യത്തിന് നിര്‍ദേശം നല്‍കിയത്.
ഇതിനു പിന്നാലെ അതിർത്തിയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥർ പക്ഷികളെ വെടിവച്ചുകൊല്ലുകയും പൂച്ചകളെയും ഉടമകളെയും തിരഞ്ഞുപിടിക്കുകയും ചെയ്യുന്നതായാണ് വാര്‍ത്തകള്‍. ഹെയ്‌സാനിൽ, പൂച്ചയെ വളർത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കലില്‍ പാര്‍പ്പിച്ചതായി ഡെയ്‌ലി എൻ.കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, രാജ്യത്തെ പ്രധാന ആശുപത്രികളിൽ ചൈനീസ് മരുന്ന് ഉപയോഗിക്കുന്നത് ഈ മാസം ആദ്യം കിം നിരോധിച്ചിരുന്നു. ചൈനീസ് വാക്സിന്‍ പരീക്ഷണങ്ങളും അദ്ദേഹം രാജ്യത്ത് നിർത്തിവച്ചു. പകരം കൊറോണ വൈറസിനെതിരെ രാജ്യം തന്നെ സ്വന്തമായൊരു വാക്‌സിൻ നിർമ്മിക്കാൻ ഗവേഷകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധം കാരണം വിദേശ ചികിത്സകൾ വ്യാപകമായി ലഭ്യമല്ലാത്തതിനാൽ ആഭ്യന്തരമായി മരുന്നുകൾ നിർമ്മിക്കാനും നീക്കമുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.
കോവിഡ് പ്രതിരോധത്തിനായി വിചിത്ര വാദങ്ങള്‍ ഉന്നയിച്ച് കിം നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. ചൈനയിൽ നിന്ന് വീശുന്ന മഞ്ഞ പൊടിക്കാറ്റ് കൊറോണ വൈറസ് പരത്തുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം കോളിളക്കം സൃഷ്ടിച്ച വാദം.