വീണ്ടും അതിസമ്പന്നന്‍; ബെസോസിന് വെള്ളി പ്രതിമ അയച്ച് പ്രതികാരം തീര്‍ക്കാന്‍ മസ്‌ക്

ഈ വര്‍ഷം ജനുവരി മുതല്‍ മസ്‌കിന് 4300 കോടി ഡോളറിന്റെ ആസ്തി വര്‍ധിച്ചതെങ്കില്‍ ബെസോസിന് ഇതേ കലായളവില്‍ 700 കോടി ഡോളര്‍ മാത്രമാണ് കൂടിയത്

Update: 2021-09-30 12:15 GMT
Editor : Dibin Gopan | By : Web Desk
Advertising

ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ മേധാവിയായ ഇലോണ്‍ മസ്‌ക് വീണ്ടും ലോകത്തെ ഏറ്റവും വലിയ ധനികനായി. പുതിയ കണക്കുകള്‍ പ്രകാരം മസ്‌കിന് 21,300 കോടി ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഇതോടെ ആമസോണ്‍ മേധാവി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തായി. പുതിയ നേട്ടം പ്രഖ്യാപിക്കപ്പെട്ടതോടെ ഉടനെ '2' എന്ന അക്കത്തിന്റെ 'വലിയൊരു പ്രതിമ'യും ഒരു വെള്ളിമെഡലും ബെസോസിന് അയച്ചുകൊടുക്കുമെന്ന് മസ്‌ക് ഫോര്‍ബ്സിന് എഴുതിയ ഇമെയിലില്‍ പറഞ്ഞു.

ഇതാദ്യമായല്ല മസ്‌ക് ബെസോസിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണ് മസ്‌ക് ഇപ്പോള്‍ മുന്നിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ മസ്‌കിന്റെ കമ്പനികളുടെ മൂല്യം കുത്തനെ ഉയര്‍ന്നിരുന്നു. ബെസോസിനാകട്ടെ ഇപ്പോള്‍ 19,700 കോടി ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ മസ്‌കിന് 4300 കോടി ഡോളറിന്റെ ആസ്തി വര്‍ധിച്ചതെങ്കില്‍ ബെസോസിന് ഇതേ കലായളവില്‍ 700 കോടി ഡോളര്‍ മാത്രമാണ് കൂടിയത്.

ആമസോണ്‍ മേധാവി സ്ഥാനം രാജിവച്ച ബെസോസ് ബഹിരാകാശ കമ്പനിയുമായി രംഗത്തെത്തിയതാണ് മസ്‌കിനെ ചൊടിപ്പിച്ചത്. മസ്‌കിന്റെ സ്പേസ്എക്സുമായി നേരിട്ട് ഏറ്റുമുട്ടുന്ന കമ്പനിയായി മാറുകയായിരുന്നു ബ്ലൂ ഒറിജിന്‍. അമേരിക്കന്‍ സര്‍ക്കാരിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ കരാര്‍ നേടുന്നതിനായി ഇരു കമ്പനികളും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബ്ലൂ ഒറിജിന്റെ ലേലത്തുകയെ മറികടന്ന് നാസ ഒരു കരാര്‍ സ്പേസ്എക്സിന് 290 കോടി ഡോളറിനു നല്‍കുകയും ചെയ്തിരുന്നു. സ്പേസ്എക്സിന്റെ മറ്റൊരു പദ്ധതിയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. ഈ മേഖലയിലും ബെസോസിന്റെ സാന്നിധ്യമുണ്ട്. മസ്‌കിന് കൂടുതല്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള സാറ്റലൈറ്റുകള്‍ അയയ്ക്കാനുള്ള അനുമതിക്കെതിരെയും നാസ സ്പേസ്എക്സിന് നല്‍കിയ കാരറിനെതിരെയും ബെസോസ് കോടതിയെ സമീപിച്ചിരുന്നു.

മസ്‌കിന്റെ മറ്റൊരു പദ്ധതി ചൊവ്വയില്‍ മനുഷ്യരുടെ കോളനി ഉണ്ടാക്കുക എന്നതാണ്. ഇതിനെ ബെസോസ് 2019ല്‍ കണക്കിനു പരിഹസിച്ചിരുന്നു. ചൊവ്വയിലേക്കു കുടിയേറാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ തനിക്കൊരു ഉപകാരം ചെയ്യുമോ. ആദ്യ എവറസ്റ്റ് കൊടുമുടിക്കു മുകളില്‍ പോയി ഒരു വര്‍ഷം താമസിക്കൂ. എന്നിട്ട് അതു നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നു മനസ്സിലാക്കൂ. കാരണം ചൊവ്വയിലേതിനേക്കാള്‍ എവറസ്റ്റിനു മുകളിലെ വാസം പറുദീസ പോലെ അനുഭവപ്പെടും എന്നായിരുന്നു ബെസോസിന്റെ പരിഹാസം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News