90കളിൽ ഇലോൺ മസ്ക് യുഎസിൽ നിയമവിരുദ്ധ കമ്പനി സ്ഥാപിച്ചതായി റിപ്പോർട്ട്

സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കാൻ എത്തിയ മസ്ക് സർവകലാശാലയിൽ അഡ്മിഷൻ എടുത്തില്ല

Update: 2024-10-27 14:00 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

വാഷിങ്ടൺ: യുഎസിലെ അനധികൃത കുടിയേറ്റത്തിൻ്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ എക്സ് മേധാവിയും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക് 1990കളിൽ അമേരിക്കയിൽ അനധികൃതമായി കമ്പനി സ്ഥാപിച്ചതായി റിപ്പോർട്ട്. 1995ൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കാൻ എത്തിയ മസ്ക് സർവകലാശാലയിൽ അഡ്മിഷൻ എടുത്തില്ല. പകരം 'സിപ് 2' എന്ന സോഫ്ട്‍വെയർ കമ്പനി ആരംഭിച്ചു.

നാല് വർഷങ്ങൾക്കു ശേഷം 1999ൽ 30കോടി ഡോളറിന് കമ്പനി വിറ്റു എന്നാണ് വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുഴുവൻസമയ വിദ്യാർഥിയായി ഏതെങ്കിലും ഒരു സർവകലാശാലയിൽ എൻറോൾ ചെയ്യാതെ പാർട്ട് ടൈം ജോലികൾ ചെയ്യാൻ അന്ന് നിയമം അനുവദിച്ചിരുന്നില്ല. എന്നാൽ വിദ്യാഭ്യാസ ആവശ്യത്തിനായി എത്തിയ മസ്ക് അമേരിക്കയിൽ നിയമവിരുദ്ധമായി കമ്പനി ആരംഭിക്കുകയായിരുന്നു. കൂടാതെ ആദ്യ കമ്പനിയായ 'സിപ് 2' ആരംഭിക്കാൻ അനധികൃത കുടിയേറ്റക്കാരനായി രാജ്യത്ത് തുടരുകയും ചെയ്തു.

റിപ്പോർട്ട് പുറത്തുവന്നതോടെ, സ്പേസ് എക്സ്, ടെസ്‌ല, എക്സ് ഉൾപ്പെടെയുള്ള മസ്കിന്റെ കമ്പനികളിലേക്ക് അദ്ദേഹത്തിന്റെ പ്രതികരണത്തിനായി വാർത്താ ഏജൻസികൾ നൽകിയ അപേക്ഷകൾക്ക് യാതൊരുവിധ മറുപടിയും ഉണ്ടായിരുന്നില്ല. മസ്കിന്റെ അഭിഭാഷകനായ അലക്സ് സ്പിറോയ്ക്കും ഏജൻസികൾ ഇ-മെയിലുകൾ അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

2020ൽ പുറത്തുവന്ന പോഡ്‌കാസ്റ്റിൽ അമേരിക്കയിൽ വിദ്യാർഥിയായി പോയ സമയത്ത് മറ്റു ജോലികൾ ചെയ്തതായി മസ്‌ക് തന്നെ പറയുന്നുണ്ട്. എന്നാൽ ഒരു സർവകലാശാലയിലും ചേരാതെ വിദ്യാർഥിയെന്ന വ്യാജേനെ അദ്ദേഹം കമ്പനി ആരംഭിക്കുകയായിരുന്നു. മസ്കിന് അമേരിക്കയിൽ ജോലി ചെയ്യാനുള്ള നിയമപരമായ അനുമതി ലഭിക്കുന്നത് 1997ലാണ് എന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്‌ ട്രംപിനാണ് തന്റെ പിന്തുണയെന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നതാണ് ട്രംപിന്റെ ഒരു പ്രധാന വാഗ്ദാനം.

നിയമ വിരുദ്ധ കുടിയേറ്റക്കാരെ അവരവരുടെ രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുമെന്നാണ് ട്രംപ് പറയുന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾ നേരത്തെയും വിവാദമായിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News