ഇലോൺ മസ്‌കിന്റെ മുൻ കാമുകിയും നടിയുമായ ആംബർ ഹേർഡിന്റെ ട്വിറ്റർ പ്രൊഫൈൽ അപ്രത്യക്ഷമായി
ആംബർ ഹേർഡിന്റെ പ്രൊഫൈൽ അപ്രത്യക്ഷമായതിനു പിന്നിൽ മസ്‌കിന്റെ ഇടപെടലാണോയെന്ന സംശയമുന്നയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ
ട്വിറ്ററിന്റെ പുതിയ മേധാവിയായി ഇലോൺ മസ്‌ക് എത്തിയതിനു പിന്നാലെ പല അഴിച്ചു പണികളും നടന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് 44 ബില്ല്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ഇതിനു പിന്നാലെ ഒരു ദശാബ്ദമായി പൊതുമേഖലാ കമ്പനിയായി പ്രവർത്തിച്ചിരുന്ന ട്വിറ്ററിന്റെ ഓഹരികൾ ഡീലിസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ ഇപ്പോളിതാ നടിയും ഇലോൺ മസ്‌കിന്റെ മുൻ കാമുകിയുമായ ആംബർ ഹേർഡിന്റെ പ്രൊഫൈൽ അപ്രത്യക്ഷമായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ആംബർ ഹേർഡിന്റെ പ്രൊഫൈൽ അപ്രത്യക്ഷമായതിനു പിന്നിൽ മസ്‌കിന്റെ ഇടപെടലാണോയെന്ന സംശയമുന്നയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
മാത്യൂ ലൂയി എന്ന യൂട്യൂബറാണ് ആംബർ ഹേഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായത് ആദ്യം കണ്ടെത്തിയത്. തുടർന്ന് അംബ്രേല്ല ഗയ് എന്ന പേരിലുള്ള തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ലൂയി വിവരം ട്വീറ്റ് ചെയ്തു. ആംബർ ഹേർഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും റിപ്പോർട്ടുകളുണ്ട്. ഹേർഡ് തന്റെ പേജ് ഇല്ലാതാക്കിയതാണോ അതോ എലോൺ മസ്‌കിന്റെ തീരുമാനമാണോ എന്നറിയാൻ നെറ്റിസൺസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ എത്തി. ജോണി ഡെപ്പിൽ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം ഇലോൺ മസ്‌കും ആംബർ ഹേർഡും ഏകദേശം രണ്ട് വർഷത്തോളം ഡേറ്റിംഗിലായിരുന്നു.
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി സെലിബ്രിറ്റികൾ തങ്ങളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയുമുണ്ടായി. ടോണി ബ്രാക്സ്റ്റൺ, മുൻ ഡബ്ല്യുഡബ്ല്യുഇ കളിക്കാരൻ മിക്ക് ഫോളി, നടി ഷോണ്ട റൈംസ് എന്നിവർ ട്വിറ്റർ ഉപേക്ഷിച്ചവരിൽ പ്രമുഖരാണ്. ജോണി ഡെപ്പിനെതിരായ മാനനഷ്ടക്കേസിൽ തോറ്റതോടെയാണ് നടി ഈ വർഷം വാർത്തകളിൽ നിറഞ്ഞത്. ആംബർ ഹേർഡിന്റെ ട്വിറ്റർ പേജ് സജീവമല്ലെന്ന് നെറ്റിസൺസ് ശ്രദ്ധിച്ചു. അവൾ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്‌തോ ഇല്ലയോ എന്ന് വ്യക്തമല്ല. ആംബർ ഹേർഡിന്റെ അക്കൗണ്ട് നിർജീവമായതിൽ ആരാധകർ ആശങ്കാകുലരാണ്.