ഇലോണ്‍ ഒരു പ്രതിഭയാണ്, അവനോട് മോശമായി പെരുമാറുന്നത് അവസാനിപ്പിക്കൂ; വിമര്‍ശകര്‍ക്കെതിരെ മാതാവ് മെയ് മസ്ക്
ബിബിസി ഡോക്യുമെന്‍ററിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മേയ് മസ്ക് മകനെ പ്രതിഭയെന്ന് വിശേഷിപ്പിച്ചത്
സിഡ്നി: കോടീശ്വരനും ടെസ്‍ല മേധാവിയുമായ തന്‍റെ മകനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഇലോണ്‍ മസ്കിന്‍റെ മാതാവ് മേ മേയ് മസ്ക്. ഇലോണ്‍ ഒരു പ്രതിഭയാണെന്നും അവനെ വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മേയ് ആവശ്യപ്പെട്ടു.
ബിബിസി ഡോക്യുമെന്‍ററിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മേയ് മസ്ക് മകനെ പ്രതിഭയെന്ന് വിശേഷിപ്പിച്ചത്. തന്‍റെ മകന്‍റെ വിജയം മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവന് നേരെ വിമര്‍ശനങ്ങളുയരുന്നതെന്നും ഇലോണിന്‍റെ മാതാവ് ചൂണ്ടിക്കാട്ടി. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്‍റെയും സി.ഇ.ഒ കൂടിയായ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയുണ്ടായ വിമര്‍ശനങ്ങള്‍ക്കിടയിലാണ് മേയ് മസ്കിന്‍റെ അഭിപ്രായപ്രകടനം. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിർണായക മാറ്റങ്ങളാണ് മസ്ക് വരുത്തിയത്. സി.ഇ.ഒ പരാഗ് അഗ്രവാളിനെയു പോളിസി ചീഫ് വിജയ ഗാഡെയേയും തൽസ്ഥാനത്ത് നിന്ന് മസ്ക് മാറ്റിയിരുന്നു.
കോടീശ്വരനായ മകനെക്കുറിച്ച് തനിക്ക് പ്രത്യേകിച്ച് അഭിമാനം തോന്നുന്നില്ലെന്ന് ഇലോണ്‍ മസ്കിന്‍റെ പിതാവ് ഇറോള്‍ മസ്ക് നേരത്തെ ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്‍റെ ശതകോടീശ്വരനായ മകന്‍ കരിയറിൽ ഷെഡ്യൂളിനേക്കാൾ അഞ്ച് വർഷം പിന്നോട്ട് ഓടുന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു ഇറോളിന്‍റെ പ്രതികരണം.
അതേസമയം ട്വിറ്ററിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണം എത്തിയില്ലെങ്കിൽ പ്രശ്നം വർധിക്കുമെന്ന് ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകി. പാപ്പർസ്യൂട്ട് ഫയൽ ചെയ്യേണ്ട സാഹചര്യമെന്നും മസ്ക് അറിയിച്ചു. ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിന്‍റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വർക്ക് ഫ്രം ഹോം സംവിധാനം തുടർന്ന് ലാഭമുണ്ടാക്കാനാണ് കമ്പനിയുടെ തീരുമാനം.