ഉർദുഗാനും ഹമാസ് നേതാവ് ഹനിയ്യയും തമ്മിൽ ഇന്ന് ഇസ്താംബൂളില്‍ കൂടിക്കാഴ്ച
ബോസ്ഫറസ് തീരത്ത് സ്ഥിതി ചെയ്യുന്ന ഡോൾമാബാഹെ കൊട്ടാരത്തിൽ വച്ചാകും കൂടിക്കാഴ്ചയെന്നാണു സൂചന
അങ്കാറ: തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ്യയും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ട്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. ഇസ്താംബൂളിൽ വച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് തുർക്കി ചാനലായ 'ടി.ആർ.ടി' റിപ്പോർട്ട് ചെയ്തു.
കൂടിക്കാഴ്ചയെ കുറിച്ച് ആരാഞ്ഞ മാധ്യമങ്ങൾക്കു മുന്നിൽ അജണ്ടകൾ വെളിപ്പെടുത്താൻ ഉർദുഗാൻ തയാറായിട്ടില്ല. എന്നാൽ, ഗസ്സയിലെ ഇസ്രായേൽ ആക്രമണം തന്നെയാകും പ്രധാന ചർച്ചയെന്ന് ഹമാസ് പ്രതികരിച്ചിട്ടുണ്ട്. ബോസ്ഫറസ് കടലിടുക്കിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഡോൾമാബാഹെ കൊട്ടാരത്തിൽ വച്ചാകും കൂടിക്കാഴ്ചയെന്നാണു സൂചന.
കഴിഞ്ഞ ബുധനാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും ഇസ്മായിൽ ഹനിയ്യയും ചർച്ച നടത്തിയിരുന്നു. ഗസ്സയിലെ വെടിനിർത്തൽ, ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളാണു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് തുർക്കി വാർത്താ ഏജൻസിയായ അനാദൊലു റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ തുടർച്ചയായി തന്നെയാകും ഉർദുഗാനും ഹനിയ്യയും നേരിൽ കാണുന്നത്. ഗസ്സയിൽ ഇസ്രായേലിനെതിരെ പോരാടുന്ന ഹമാസ് പോരാളികളെ ദിവസങ്ങൾക്കുമുൻപ് ഉർദുഗാൻ പ്രകീർത്തിച്ചിരുന്നു. 1920കളിൽ അനാത്തോലിയയിൽ പടിഞ്ഞാറൻ സൈന്യങ്ങൾക്കെതിരെ പോരാടിയ തുർക്കി സ്വാതന്ത്ര പോരാളികളുമായാണ് അദ്ദേഹം ഹമാസിനെ താരതമ്യപ്പെടുത്തിയത്. താൻ ജീവിച്ചിരിപ്പുള്ള കാലത്തോളം ദൈവം സഹായിച്ചാൽ ഫലസ്തീൻ പോരാട്ടത്തിനു പ്രതിരോധമൊരുക്കുകയും അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനങ്ങളുടെ ശബ്ദമാകുകയും ചെയ്യുമെന്നാണ് ഉർദുഗാൻ വ്യക്തമാക്കിയത്.
ഖത്തറിനു പുറമെ തുർക്കിയുടെ നേതൃത്വത്തിലും ഗസ്സയിൽ വെടിനിർത്തലിനായുള്ള മധ്യസ്ഥശ്രമങ്ങൾ നടക്കുന്നുണ്ട്. മധ്യസ്ഥശ്രമങ്ങളിൽനിന്ന് ഖത്തർ പിന്മാറിയാൽ ദൗത്യം ഏറ്റെടുക്കാനാണ് തുർക്കിയുടെ നീക്കം.
Summary: Turkish President Recep Tayyip Erdogan is set to meet Hamas’ political bureau head Ismail Haniyeh on Saturday in Istanbul