സാധാരണക്കാരെ വേട്ടയാടി ഇസ്രായേൽ; ലബനനിൽ നിന്ന് ഒരു ലക്ഷം പേർ സിറിയയിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്
ലബനൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തെയാണ് അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ട്
ബൈറൂത്ത്: ലബനനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഒരു ലക്ഷം പേർ സിറിയയിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. ലബനൻ, സിറിയൻ പൗരന്മാർ കൂട്ടത്തോടെ പലായനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വൻതോതിൽ ആൾക്കാർ ലബനൻ വിടുന്നതായി യുഎൻ ഹൈ കമ്മീഷണർ ഫിലിപ്പിനോ ഗ്രാന്റി പറഞ്ഞു.
ലബനാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഏകദേശം 10,0000 ലബനൻ, സിറിയൻ പൗരന്മാർ ലബനാനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തതായി യുഎൻ ഹൈക്കമ്മീഷണർ എക്സിൽ കുറിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണയോടെ യുഎൻഎച്ച്സിആർ നാല് ക്രോസിംഗ് പോയിന്റുകൾ പ്രവർത്തനമാരംഭിച്ചതായി ഗ്രാൻഡി കൂട്ടിച്ചേർത്തു.
പലയാനം ഇരുരാജ്യങ്ങൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലി ആക്രമണങ്ങളെത്തുടർന്ന് ദശലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ലബനാൻ പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് ലബനൻ സാക്ഷ്യം വഹിക്കുന്നതെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലബനാനിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടക്കുന്നതെന്ന് ബൈറൂത്തിൽ നടന്ന മീറ്റിങ്ങിന് ശേഷം നജീബ് മീഖാത്തി പറഞ്ഞു. നയതന്ത്ര ശ്രമങ്ങളിലൂടെ വെടിനിർത്തൽ നടപ്പാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.