പാക് മനുഷ്യാവകാശപ്രവര്‍ത്തകന്‍ അബ്ദുല്‍ ലത്തീഫ് അഫ്രീദി കോടതിക്കുള്ളില്‍ വെടിയേറ്റു മരിച്ചു

തിങ്കളാഴ്ച പെഷവാര്‍ ഹൈക്കോടതിയിലെ ബാര്‍ റൂമില്‍ വച്ചാണ് സംഭവം

Update: 2023-01-17 03:03 GMT
Editor : Jaisy Thomas | By : Web Desk

അബ്ദുല്‍ ലത്തീഫ് അഫ്രീദി

Advertising

പെഷവാര്‍: പാകിസ്താനിലെ പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ അബ്ദുല്‍ ലത്തീഫ് അഫ്രീദി(79) കോടതിക്കുള്ളില്‍ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച പെഷവാര്‍ ഹൈക്കോടതിയിലെ ബാര്‍ റൂമില്‍ വച്ചാണ് സംഭവം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താന്‍ സുപ്രീം കോടതി ബാർ അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റ് കൂടിയാണ് അഫ്രീദി. അദ്‌നാൻ സമി അഫ്രീദി എന്നയാളാണ് വെടിയുതിര്‍ത്തത്. അക്രമി ഒന്നിലധികം തവണ വെടിവെച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കാഷിഫ് അബ്ബാസി റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഭിഭാഷകന്‍റെ വേഷം ധരിച്ചാണ് അക്രമി കോടതി വളപ്പില്‍ പ്രവേശിച്ചത് . തിങ്കളാഴ്ച, പെഷവാർ ഹൈക്കോടതിയിലെ ബാർ റൂമിൽ ഇരിക്കുകയായിരുന്ന അഫ്രീദിക്ക് നേരെ അദ്‌നാൻ സമി വെടിവയ്ക്കുകയായിരുന്നു. വെടിവച്ചതിനു ശേഷം പ്രതി രക്ഷപ്പെടാന്‍ പരിസരത്തുണ്ടായിരുന്ന അഭിഭാഷകർ പറഞ്ഞു.

അഫ്രീദിയെ ഉടന്‍ തന്നെ ലേഡി റീഡിംഗ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി വക്താവ് മുഹമ്മദ് അസിം പറഞ്ഞു. ആറ് ബുള്ളറ്റുകളാണ് അഫ്രീദിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്. കനത്ത സുരക്ഷയിലാണ് പ്രതിയെ ഭീകരവിരുദ്ധ കോടതിയിലേക്ക് മാറ്റിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഹൈക്കോടതി വളപ്പിലേക്ക് അദ്‌നാൻ എങ്ങനെയാണ് പിസ്റ്റൾ കൊണ്ടുവന്നതെന്നും അന്വേഷിക്കുന്നുണ്ട്.പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൊലപാതകത്തെ അപലപിക്കുകയും അഫ്രീദിയുടെ മരണത്തില്‍ അനുശോചിക്കുകയും ചെയ്തു.

പെഷവാർ കോടതിയിൽ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും അഭിഭാഷകരെ പരിശോധനക്ക് വിധേയമാക്കാറില്ല. കോടതിയിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. 2020-ൽ കോടതിമുറിക്കുള്ളിൽ മതനിന്ദ ആരോപിച്ച് വിചാരണയിലായിരുന്ന പാകിസ്തൻ വംശജനായ ഒരു യുഎസ് പൗരനെ ഒരു കൗമാരക്കാരൻ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

അഫ്രീദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുടനീളം രണ്ട് ദിവസം കോടതികൾ ബഹിഷ്‌കരിക്കുമെന്ന് പെഷവാർ ബാർ അസോസിയേഷൻ പ്രസിഡന്‍റ് അലി സമാൻ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News