Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: അസദ് ഭരണകൂടത്തിന്റെ പതനം സിറിയന്‍ ജനതയ്ക്ക് ലഭിച്ച ചരിത്രപരമായ അവസരമാണെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ നിരപരാധികളായ ആയിരക്കണക്കിന് സിറിയക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത അസദ് ഭരണകൂടത്തിൻ്റെ പതനം സിറിയന്‍ ജനതയ്ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കാനായി ലഭിച്ച അവസരമാണെന്ന് ജോ ബൈഡൻ പറഞ്ഞു.
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ സഹയാവും നല്‍കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. 'പതിമൂന്ന് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ ക്രൂരമായ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. പ്രസിഡന്റ് ബശ്ശാറുൽ അസദിന് രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടി വന്നു. അസദ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. പക്ഷെ അദ്ദേഹം മോസ്‌കോയില്‍ അഭയം തേടിയെന്ന വാര്‍ത്തകൾ കേൾക്കന്നുണ്ട്. അവസാനം അസദ് ഭരണം അവസാനിച്ചിരിക്കുകയാണ്'എന്ന് ജോ ബൈഡന്‍ കൂട്ടിച്ചേർത്തു.
'സിറിയയില്‍ നല്ലമാറ്റം കൊണ്ടുവരാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് സാധ്യമായ സഹായങ്ങളെല്ലാം നല്‍കും. അസദ് ഭരണകൂടം വരുത്തിയ പാളിച്ചകള്‍ പുതിയ നേതൃത്വം വരുത്തില്ലെന്നാണ് നിഗമനം. വരും ദിവസങ്ങളിൽ നേതാക്കളുമായി സംസാരിക്കും. യുഎസ് സേന സിറിയയിലെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രണം നടത്തിയതായും സിറിയയില്‍ സമാധാനം പുനസ്ഥാപിക്കന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും' ബൈഡന്‍ പറഞ്ഞു.
പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബശ്ശാറുൽ അസദ് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം മോസ്കോയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. മാനുഷിക പരിഗണനയിലാണ് റഷ്യ അഭയം നൽകിയിരിക്കുന്നതെന്ന് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഈ വിജയം എല്ലാ സിറിയക്കാർക്കും വേണ്ടിയുള്ളതാണെന്ന് എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അൽ ജുലാനി പറഞ്ഞു. കൂടാതെ പൊതുസ്ഥാപനങ്ങളെ സംരക്ഷിക്കാൻ വിമത വിഭാഗത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.