'വർഷങ്ങൾ കാത്തിരുന്നുണ്ടായ കുട്ടികളാണ്‌... അവരെന്ത് തെറ്റ് ചെയ്തു'; ഇസ്രായേല്‍ കൊന്ന പേരക്കുട്ടികളുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് മുത്തശ്ശൻ

ഇന്നലെ രാത്രിയാണ് ദേർ അൽ ബലാഹിലെ വീടിന് മുകളില്‍ ഇസ്രായേൽ സൈന്യത്തിന്റെ മിസൈൽ പതിച്ചത്

Update: 2024-08-19 06:22 GMT
Editor : Lissy P | By : Web Desk
Advertising

ഗസ്സ: പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയിട്ടും ചോരക്കൊതി മാറാതെ വീണ്ടും വീണ്ടും ഗസ്സക്ക് മേൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ 25 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നത് ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നു. ഇന്നലെ ദേർ അൽ ബലാഹിലെ ഒരു വീടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ ആറുകുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. രാത്രി ഇസ്രായേൽ സൈന്യത്തിന്റെ മിസൈൽ വീടിന് മുകളിൽ പതിച്ചാണ് ഒരു കുടുംബം മുഴുവൻ കൊല്ലപ്പെട്ടതെന്ന് അൽ അഖ്‌സ ആശുപത്രി അധികൃതർ വ്യക്തമാക്കി.

''എന്റെ മകളും ഭർത്താവും ആറ് കുട്ടികളും ചേർന്ന് ദേർ അൽ ബലാഹിലെ വീട്ടിൽ ഉറങ്ങുകയായിരുന്നു. സമാധാനത്തോടെ ഉറങ്ങുകയായിരുന്നു അവരുടെ വീടിന് മുകളിലേക്കാണ് ഇസ്രായേലി മിസൈൽ പതിച്ചത്. വീട് മുഴുവൻ നിലംപൊത്തി. അവരെല്ലാം കൊല്ലപ്പെട്ടു'.. തന്റെ മകളുടെയും പേരക്കുട്ടികളുടെയും മരണത്തെക്കുറിച്ച് മുഹമ്മദ് അവദ് ഖത്താബ് അൽ ജസീറയോട് പറഞ്ഞത് ഇങ്ങനെയാണ്.

''വർഷങ്ങൾക്ക് ശേഷമാണ് മകൾക്ക് കുട്ടികളുണ്ടായത്. അതും ഐ.വി.എഫ് ചികിത്സ വഴിയാണ് ഈ മക്കളുണ്ടായത്. ആ നിഷ്‌കളങ്കരായ കുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ ഇസ്രായേലിന് എന്തെങ്കിലും തരത്തിൽ ഭീഷണിയായിരുന്നോ? അതോ അവർ ഏതെങ്കിലും ആയുധങ്ങൾ കൈവശം വെച്ചിരുന്നോ...? മുത്തശ്ശൻ ചോദിക്കുന്നു. മരിച്ച കുട്ടികളിൽ നാലു പേർ ഇരട്ടകളായിരുന്നു. തന്റെ മകൾ ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. മരിച്ചവരെയെല്ലാം ഒന്നിച്ചാണ് അടക്കം ചെയ്യുന്നതെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.ഫലസ്തീൻകാരോട് അഭയം തേടാൻ പറഞ്ഞ ദേർ അൽ-ബലാഹിൽ അടുത്തിടെ ഇസ്രായേൽ ആക്രമണങ്ങൾ വ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ഞായറാഴ്ച ജബാലിയ അഭയാർഥി ക്യാമ്പിലെ രണ്ട്  കെട്ടിടങ്ങൾക്ക് നേരെ നടന്ന ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ നഗരമായ ഖാൻ യൂനിസിന് സമീപം നടന്ന ആക്രമണത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒരേ കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടതായി നാസർ ആശുപത്രി അറിയിച്ചു. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്യുന്നു.

10 മാസമായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 40,000 ത്തോളം ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരിൽ 16,000ത്തിലധികം പേരും കുട്ടികളാണ്. ഇവരിൽ രണ്ട് വയസ്സിൽ താഴെയുള്ള 2100 കുഞ്ഞുങ്ങളും ഉൾപ്പെടും. പത്ത് മാസമായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ 92,401 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News