കംബോഡിയയിൽ കസിനോ ഹോട്ടലിൽ തീപ്പിടിത്തം; 19 മരണം; നിരവധിയാളുകള്‍ക്ക് പരിക്ക്
തായ് അതിർത്തിക്കടുത്ത് പൊയ്പെറ്റിലെ ഗ്രാൻഡ് ഡയമണ്ട് സിറ്റി ഹോട്ടൽ കാസിനോയിലാണ് തീപിടത്തമുണ്ടായത്
പോയിപെറ്റ്: കംബോഡിയയിലെ കസിനോയിലുണ്ടായ തീപിടിത്തത്തിൽ 19 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്ട്. തായ് അതിർത്തിക്കടുത്ത് പൊയ്പെറ്റിലെ ഗ്രാൻഡ് ഡയമണ്ട് സിറ്റി ഹോട്ടൽ കാസിനോയിലാണ് തീപിടത്തമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. പ്രാദേശിക സമയം 11.30നാണ് അപകടമുണ്ടായത്.
രക്ഷാപ്രവർത്തനത്തിനായി തായ്‌ലാന്റിൽ നിന്നും അഗ്‌നിരക്ഷാ സേനയെ അയച്ചെന്നും പരിക്കേറ്റവരെ തായ്‌ലാന്റിലെ സാകായിയോ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലാക്കിയെന്നും തായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 79 തായ് പൗരന്മാരെയും 30 കംബോഡിയക്കാരെയും എട്ട് ഇന്തോനേഷ്യക്കാരെയുമാണ് തായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീപിടിത്തത്തിന് പിന്നാലെ പുക അമിതമായി ഉയർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മറ്റു നിലകളിലേക്കും തീപടരുകയായിരുന്നു.