വെസ്റ്റ് ബാങ്കില്‍ വീണ്ടും ഇസ്രായേല്‍ നരനായാട്ട്; അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കിലെ ബൈത്ത് അനാനിലെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് ഇസ്രായേല്‍ സൈന്യം അപ്രതീക്ഷിത റെയ്ഡ് നടത്തുകയായിരുന്നു
ഫലസ്തീനില്‍ അതിക്രമവുമായി വീണ്ടും ഇസ്രായേല്‍. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 16കാരനടക്കം അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ ബൈത്ത് അനാനിലെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് ഇസ്രായേല്‍ സൈന്യം അപ്രതീക്ഷിത റെയ്ഡ് നടത്തുകയായിരുന്നു. ഇതില്‍ എതിര്‍പ്പുമായി ഹമാസ് പ്രവര്‍ത്തകരടക്കമുള്ള ഗ്രാമീണര്‍ രംഗത്തെത്തി. ഇതോടെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. അഹ്‌മദ് സഹ്‌റാന്‍, മഹ്‌മൂദ് ഹുമൈദാന്‍, സകരിയ്യ ബദ്‌വാന്‍ എന്നിവരെ ബിദ്ദുവില്‍വച്ചും 16കാരനായ യൂസുഫ് സബൂഹിനെയും 22കാരനായ ഉസാമ സബൂഹിനെയും ബുര്‍ഖിനില്‍വച്ചുമാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരില്‍ ഹമാസ് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നാട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിദ്ദുവില്‍ കൊല്ലപ്പെട്ട മൂന്നു ഫലസ്തീനികളും ഇസ്രായേല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണുള്ളത്. ഫലസ്തീനികളുടെ മരണത്തില്‍ ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഷാത്തിയ്യ അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഇസ്രായേല്‍ ഇവിടെ നടത്തുന്ന റെയ്ഡിനും അറസ്റ്റ് നടപടികള്‍ക്കും ഫലസ്തീന്‍ അതോറിറ്റിയുടെ പിന്തുണയുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ മെയിലെ 11 ദിവസം നീണ്ട ഇസ്രായേല്‍ നരനായാട്ടിനു ശേഷമുള്ള ഏറ്റവും വലിയ നരഹത്യയാണ് ഇന്ന് വെസ്റ്റ് ബാങ്കില്‍ നടന്നത്. വെസ്റ്റ് ബാങ്ക് അടക്കമുള്ള ഇസ്രായേലിന്‍റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഇത് ഇടവേളയ്ക്കുശേഷം വീണ്ടുമൊരു സംഘര്‍ഷത്തിലേക്കു നയിക്കുമോയെന്ന ഭീതിയുണ്ട്.