ഫ്ലൈറ്റുകള്‍ റദ്ദാക്കി, സ്കൂളുകള്‍ അടച്ചു; കോവിഡിനെതിരെ വീണ്ടും നിയന്ത്രണങ്ങളുമായി ചൈന
വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്.
വിനോദ സഞ്ചാര ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന. നൂറോളം ഫ്ലൈറ്റുകള്‍ റദ്ദാക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്കൂളുകളും അടച്ചു. ഇന്ന് വ്യാപകമായ പരിശോധനകളാണ് രാജ്യത്ത് നടന്നത്.
വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്. ബീജിംഗ് അടക്കം അഞ്ചോളം പ്രവിശ്യകളില്‍ ഡസന്‍ കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍റെ കണക്കു പ്രകാരം 13 കോവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്.
മറ്റു രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ പോകുമ്പോള്‍ തലസ്ഥാന നഗരമായ ബീജിംഗ് അതിര്‍ത്തികള്‍ അടക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി. അതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.