ഇസ്രായേൽ ആക്രമണങ്ങളൊന്നും ലക്ഷ്യം കണ്ടില്ലെന്ന് ഇറാൻ; വിമാന സർവീസുകൾ പുനരാരംഭിച്ചു

നിലവിൽ നാശനഷ്ടങ്ങ​ളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Update: 2024-10-26 07:06 GMT
Advertising

​​തെഹ്റാൻ: ഇസ്രായേൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ. ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണനിലയിലായതായി രാജ്യത്തെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (സിഎഒ) വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണം അവസാനിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രാദേശിക സമയം രാവിലെ 9 മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് സിഎഒ വക്താവ് ജാഫർ യസാർലോ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. തെഹ്‌റാനിലെ ഇമാം ​ഖൊമൈനി അന്താരാഷ്ട്ര വിമാനത്താവളമോ മറ്റ് വിമാനത്താവളങ്ങളോ ആക്രമണത്തിന് വിധേയമായിട്ടില്ലെന്നും ഇറാൻ സ്ഥിരീകരിച്ചു.

വിവിധ സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെങ്കിലും പ്രധാന ലക്ഷ്യം തെഹ്റാനായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ താവളങ്ങൾ, ഡ്രോൺ സൗകര്യങ്ങൾ എന്നിവയെലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. പരിമിതമായ നാശനഷ്ടങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ നാശനഷ്ടങ്ങ​ളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നാണ് ഇറാനിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ. സംയോജിത, മൾട്ടി-ലേയേർഡ് പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇ​​സ്രായേൽ ആക്രമണത്തെ​ പ്രതിരോധിച്ചെന്നും ഇറാൻ അവകാശപ്പെട്ടു. 

ഇസ്രായേൽ ആക്രമണത്തോട് പ്രതികരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇറാന്‍ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്‍റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിൻ്റെ ഏത് ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നീം റിപ്പോർട്ട് ചെയ്യുന്നു. “ഇസ്രായേൽ എടുക്കുന്ന ഏത് നടപടിക്കും ആനുപാതികമായ പ്രതികരണം നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല,” വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ആക്രമണമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യം ഇറാന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിനെതിരായ ഏത് നടപടിക്കും തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News