സുരക്ഷിത ഇടംതേടി ഇസ്രായേലികൾ; വിദേശ കുടിയേറ്റം മൂന്നിരട്ടി വർധിച്ചു

10 ലക്ഷം ഇസ്രായേലികളാണ് വിദേശ പാസ്​പോർട്ടുകൾ സ്വന്തമാക്കിയത്

Update: 2024-10-12 12:42 GMT
Advertising

തെൽ അവീവ്: 2024ന്റെ തുടക്കം മുതൽ ഇസ്രായേലിൽനിന്ന് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് കണക്കുകൾ. യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ കുടിയേറ്റം മൂന്നിരിട്ടിയായി ഉയർന്നിട്ടുണ്ടെന്ന് ഇസ്രായേലി മാധ്യമമായ ‘മാരിവ്’ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 40,000 ഇസ്രായേലികളാണ് സുരക്ഷിത ഇടം തേടി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഓരോ മാസവും 2000ത്തോളം പേരുടെ വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

വലിയൊരു യുദ്ധം ഉണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ട് പത്ത് ലക്ഷം ഇസ്രായേലികൾ സമീപവർഷങ്ങളിൽ വിദേശ പാസ്​പോർട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ വലിയ രീതിയിലുള്ള പണവും ഇസ്രായേലികൾ വിദേശത്ത് നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. 2024​ലെ ആദ്യ ഏഴ് മാസത്തിനിടെ ഏഴ് ബില്യൺ ഡോളറാണ് വിദേശത്ത് ഇത്തരത്തിൽ നിക്ഷേപിച്ചിട്ടുള്ളത്.

ഇത്രയും ആളുകൾ കുടിയേറുന്നത് ‘മസ്തിഷ്ക ചോർച്ച’ ആയിട്ടാണ് ‘മാരിവ്’ വിലയിരുത്തുന്നത്. ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ഫാർമസിസ്റ്റുകൾ, ഹൈടെക് വിദഗ്ധർ എന്നിവരെല്ലാം സുരക്ഷിത ഇടം തേടിപ്പോകുന്നതിനാൽ ഇത് ഇസ്രായേലിൽ ഗുരുരത ​പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

യുദ്ധം ആരംഭിച്ചശേഷം വിദേശത്തുനിന്ന് ഇസ്രായേലിലേക്ക് വരുന്നവരുടെ എണ്ണവും വലിയരീതിയിൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം എട്ട് മാസത്തിനിടെ 42 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2024 ജനുവരി മുതൽ ആഗസ്റ്റ് വരെ 23,183 പേരാണ് ഇസ്രായേലിലെത്തിയത്. കഴിഞ്ഞവർഷമിത് 39,857 പേരായിരുന്നു.

ജൂത ഏജൻസിയുടെ കണക്ക് പ്രകാരം പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായുള്ള രാജ്യങ്ങളിൽനിന്നാണ് കൂടുതൽ ആളുകൾ ഈ വർഷമെത്തിയത്. 14,514 പേർ റഷ്യയിൽനിന്നും 693 പേർ യുക്രെയിനിൽനിന്നും 546 പേർ ബെലാറസിൽനിന്നും എത്തി. കഴിഞ്ഞവർഷത്തെ കണക്കുവെച്ചു നോക്കുമ്പോൾ 49 ശതമാനം കുറവാണ് ഈ രാജ്യങ്ങളിൽനിന്ന് ഉണ്ടായത്.

യുദ്ധം ആരംഭിച്ചശേഷം സാമ്പത്തികമായും വലിയ പ്രതിസന്ധി രാജ്യം നേരിടുന്നുണ്ട്. വിദേശത്തുനിന്ന് സഞ്ചാരികൾ എത്താത്തതിനാൽ ടൂറിസം മേഖല പാടെ നിലച്ചു. യുവാക്കളെ സൈനിക സേവനത്തിന് നിർബന്ധിക്കുന്നതിനാൽ തൊഴിൽമേഖലയും പ്രതിസന്ധിയിലാണ്. ഇതിന് പുറമെയാണ് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണവും വർധിക്കുന്നത്.

ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം കനപ്പിക്കുമ്പോഴാണ് സ്വന്തം രാജ്യത്തുനിന്ന് ആളുകൾ വിദേശത്തേക്ക് കുടിയേറുന്നത്. ഹിസ്ബുല്ലയുടെ ആക്രമണം തുടരുന്നതിനാൽ അധിനിവേശ വടക്കൻ ഇസ്രായേലിൽനിന്ന് ലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് മധ്യ ഇസ്രായേലിലേക്കടക്കം പലായനം ചെയ്തിട്ടുള്ളത്.

തെൽ അവീവിനെ അടക്കം ലക്ഷ്യമിട്ടുള്ള ഇറാന്റെയും ഹിസ്ബുല്ലയുടെയുമെല്ലാം മിസൈലുകളും ഇസ്രായേലികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും അപായ സൈറണുകൾ മുഴങ്ങുന്നതിനാൽ സുരക്ഷിത ബങ്കറുകളിൽ മണിക്കൂറുകളോളം കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് ജനം. ഇത് കൂടാതെ കഴിഞ്ഞ ആഴ്ചകളിലായി ഇസ്രായേലി നഗരങ്ങളിലുണ്ടായ വെടിവെപ്പും കത്തിക്കുത്ത് ആക്ര​മണവുമെല്ലാം സ്ഥിതി ഗരുതരമാക്കുന്നു. വെടിവെപ്പിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News