ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ സ്പീക്കർ അലി ലാറിജാനി
ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാലെ മത്സരിക്കാനാകുള്ളു
ദുബൈ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി. ഈ മാസം 28 നാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
നാമനിർദേശ പത്രിക സമർപ്പിച്ചാലും പരമോന്നത നേതാവ് അലി ഖാംനായിയുടെ നേതൃത്തിലുള്ള ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാലെ മത്സരിക്കാനാകുള്ളു. 2021ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രജിസ്റ്റർ ചെയ്തെങ്കിലും ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയില്ല.
എന്നാൽ ഇക്കുറി കൗൺസിൽ തന്നെ അയോഗ്യനാക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ലാറിജാനി മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇറാനികൾ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും യു.എസ് ഉപരോധം പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലാറിജാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.