യൂട്യൂബ് മുൻ സി.ഇ.ഒ അന്തരിച്ചു
1999 ലാണ് സൂസൻ വൊജിസ്കി ഗൂഗിളിന്റെ ഭാഗമാകുന്നത്
വാഷിങ്ടൺ: യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വൊജിസ്കി അന്തരിച്ചു. 56 വയസായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. വൊജിസ്കിയുടെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഭാര്യയുടെ മരണവാർത്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
എന്റെ പ്രിയപ്പെട്ട ഭാര്യ അഞ്ച് കുട്ടികളെയും എന്നെയും വിട്ട് യാത്രയായി. കഴിഞ്ഞ 2 വർഷമായി ശ്വാസകോശ അർബുദത്തെ അതിജീവിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. സൂസൻ എന്റെ ഏറ്റവും നല്ല സുഹൃത്ത് മാത്രമല്ല, ജീവിത പങ്കാളി കൂടിയായിരുന്നു. ബുദ്ധിമതിയും സ്നേഹനിധിയായ അമ്മയും, നിരവധിപേർക്ക് പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും അവളുടെ സ്വാധീനം അളക്കാനാവാത്തതായിരുന്നു. പക്ഷെ ഇപ്പോൾ ഞങ്ങൾ ഹൃദയം തകർന്നവരാണ്. ട്രോപ്പർ ഫേസ്ബുക്കിൽ കുറിച്ചു.
വൊജിസ്കിയുടെ മരണത്തിൽ ആൽഫബെറ്റ് ചീഫ് എക്‌സിക്യുട്ടീവ് സുന്ദർ പിച്ചൈ അനുശോചിച്ചു. 1999 ൽ 16 ാമത്തെ ജീവനക്കാരിയായാണ് ഗൂഗിളിൽ ജോയിൻ ചെയ്യുന്നത്. 25 വർഷം ഗൂഗിളിനൊപ്പമുണ്ടായിരുന്നു. ഗൂഗിളിന്റെ തലപ്പത്തുണ്ടായിരുന്ന വൊജിസ്കിയെ 2014 ലാണ് യൂട്യൂബിന്റെ സി.ഇ.ഒ ആയി നിയമിക്കുന്നത്. ഒമ്പതുവർഷത്തെ സേവനത്തിനൊടുവിൽ 2023 ഫെബ്രുവരിയിലാണ് വൊജിസ്കി യൂട്യൂബ് സി.ഇ.ഒ സ്ഥാനം രാജിവെക്കുന്നത്. ഗൂഗിളിന്റെ കുതിപ്പിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു വോജ് സ്ക്കി.