'യേശുവിനെ കാണാൻ' പാസ്റ്ററുടെ വാക്ക് കേട്ട് കാട്ടിൽ പോയി പട്ടിണി കിടന്നു; നാല് പേർ മരിച്ചു; 11 പേർ ആശുപത്രിയിൽ
ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് മേധാവി പോൾ മകെൻസിയാണ് സംഘത്തെ ബ്രെയിൻ വാഷ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
നെയ്റോബി: 'യേശുവിനെ കാണാൻ' കാട്ടിൽ പോയി പട്ടിണി കിടന്നാൽ മതിയെന്ന സുവിശേഷകന്റെ വാക്ക് കേട്ട് പോയ സംഘത്തിലെ നാല് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലാണ് സംഭവം. വിവാദമായ അനാചാരത്തിന്റെ ഭാഗമായി ജീവൻ നഷ്ടമായ നാല് പേരെ വനത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് മരിച്ചത്.
ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ നാല് വിശ്വാസികൾക്കാണ് ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ ആരാധന നിർവഹിച്ചതിനു പിന്നാലെ ജീവൻ നഷ്ടമായത്. 'യേശുവിനെ കാണാൻ കാത്തിരിക്കുമ്പോൾ' ഉപവസിക്കണമെന്ന് പാസ്റ്റർ പറഞ്ഞതിനെത്തുടർന്ന് ദിവസങ്ങളോളമായി ഇവർ വനത്തിൽ താമസിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
വനത്തിനുള്ളിൽ പ്രാർഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് മേധാവി പോൾ മകെൻസി ന്തേംഗേ എന്നറിയപ്പെടുന്ന മകെൻസി നെൻഗെയാണ് സംഘത്തെ ബ്രെയിൻ വാഷ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മഹാദുരന്തം ഒഴിവാക്കാൻ സുവിശേഷകൻ തങ്ങളോട് ഉപവസിക്കാൻ പറഞ്ഞതായി അനുയായികൾ പറഞ്ഞു. കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാൾ തന്റെ അനുയായികളെ ഉപദേശിച്ചത്.
വനത്തിനുള്ളിൽ സമുദായ പുരോഹിതരുൾപ്പെടെയുള്ളവരെ അടക്കം ചെയ്തിരിക്കുന്ന ഒരു കൂട്ട ശവക്കുഴിയുണ്ടെന്നും അധികൃതർ പറയുന്നു. 'ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്ററായ പോൾ മകെൻസിയുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ശേഷം യേശുവിനെ കാണാനായി അജ്ഞരായ പൗരന്മാർ പട്ടിണി കിടന്ന് മരിക്കുകയാണ്. അവിടെ കണ്ട കൂട്ടക്കുഴിമാടത്തിന്റെ കാര്യത്തിൽ കൂടുതൽ കാര്യങ്ങളൊന്നും ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. കാരണം വനത്തിനുള്ളിൽ താമസിക്കുന്നവർ ഇയാളുടെ അനുയായികളാണെന്ന് സംശയിക്കുന്നു'- പൊലീസ് പറയുന്നു.
നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ ഇപ്പോൾ പൊലീസ് ജാമ്യത്തിലാണ്. മരണം ആ കുട്ടികളെ ഹീറോ ആക്കുമെന്നായിരുന്നു പാസ്റ്റർ മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് രണ്ട് കുഞ്ഞുങ്ങളെയും അവിടുത്തെ കുഴിമാടത്തിൽ അടക്കം ചെയ്തുവെന്ന് ടുക്കോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.