ചൈനയുടെ സീറോ കോവിഡ് നയത്തിൽ നട്ടംതിരിഞ്ഞ് തൊഴിലാളികൾ; ഫോക്സ്കോണിൽ പ്രതിസന്ധി തുടരുന്നു
നവംബർ മുതൽ കടുത്ത തൊഴിലാളി പ്രതിഷേധമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്
മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ കഴിഞ്ഞ രണ്ടുമാസമായി സ്ഥിതിഗതികൾ താറുമാറാണ്. ഫോക്‌സ്‌കോണ്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രിയാണ് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നത്. പൂർണമായും കോവിഡ് മുക്തി നേടാനായി ചൈനയിൽ ഷി ഭരണകൂടം നടപ്പാക്കിയ സീറോ കോവിഡ് നയം തന്നെയാണ് കാരണം. ഏതെങ്കിലും നഗരത്തില്‍ ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌താൽ ആ നഗരം മുഴുവനായും അടച്ചുപൂട്ടുന്നതാണ് ചൈനയുടെ സീറോ കോവിഡ് പദ്ധതി.
നേരത്തെ 2,00,000 തൊഴിലാളികളാണ് ഫോക്സ്കോണിൽ ജോലി ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് പകുതിയേക്കാൾ കുറവായി. നവംബർ മുതൽ കടുത്ത തൊഴിലാളി പ്രതിഷേധമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. ഒക്ടോബറിൽ തൊഴിലാളികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഒരു തൊഴിൽ ഡ്രൈവ് നടത്തിയ ശേഷമാണ് ഫോക്സ്കോൺ പുതിയ നിയമനങ്ങൾ നടത്തിയത്. എന്നാൽ, ജോലിക്ക് പ്രവേശിക്കുന്ന സമയം കമ്പനി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല രാജ്യത്തെ കോവിഡ് നിയന്ത്രണത്തിനായി കമ്പനി സ്വീകരിക്കുന്ന പ്രാകൃത രീതികളെ ഭയന്ന് പുതിയ തൊഴിലാളികളും കമ്പനിയിൽ നിന്ന് ഓടിരക്ഷപെടുകയാണ് ഉണ്ടായത്.
ഇങ്ങനെ ഭയപ്പെട്ട് തൊഴിലിടം വിടാൻ ഫോക്സ്കോൺ തൊഴിലാളികളെ പ്രേരിപ്പിച്ചത് എന്താകും? മാനേജ്മെന്റിന് നേരെ കടുത്ത പ്രതിഷേധമുയർത്താൻ എന്താകും കാരണം?
1,00,000 പുതിയ അപേക്ഷകളാണ് ഫോക്സ്കോണിന് ഒക്ടോബറിൽ ലഭിച്ചത്. ജോലി സ്ഥലത്തു തുടരുന്നവര്‍ക്ക് 4 മടങ്ങ് അധിക ബോണസ് എന്നതായിരുന്നു കമ്പനിയുടെ മോഹവാഗ്‌ദാനം. ദിവസവും 400 യുവാന്‍ ( 55 ഡോളര്‍) എന്ന അത്യാകർഷകമായ ബോണസ് രാജ്യത്തെ ഗുരുതര സാഹചര്യത്തിലും ഫോക്സ്കോണിലേക്ക് എത്താൻ ആളുകളെ പ്രേരിപ്പിച്ചു. നവംബര്‍ മാസത്തില്‍ 15 ദിവസമോ അതിലേറെയോ ജോലിയെടുക്കുന്നവര്‍ക്ക് അധിക ബോണസും കമ്പനി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, വാഗ്ദാനം ചെയ്ത ബോണസ് കിട്ടിയില്ലെന്ന് മാത്രമല്ല, ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയുണ്ടായി. തുടർന്ന് അധികൃതർക്കെതിരെ പ്രതിഷേധമുയർത്താൻ തൊഴിലാളികൾ അല്പം പോലും വൈകിയില്ല. പ്രതിഷേധക്കാർക്ക് രണ്ടുമാസത്തെ ശമ്പളം നൽകിയ ശേഷം പിരിച്ചുവിടുകയാണ് കമ്പനി അധികൃതർ കണ്ടെത്തിയ പരിഹാരം.
കോവിഡ് നിയന്ത്രണത്തിൽ കമ്പനി പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവും തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. ചൈനയുടെ സീറോ കോവിഡ് പദ്ധതി ഫോക്‌സ്‌കോണും പിന്തുടർന്നിരുന്നു. കോവിഡ് റിപ്പോർട്ട് ചെയ്‌താൽ പൂർണമായും അടച്ചുപൂട്ടുന്ന നഗരങ്ങളിൽ പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് കാരണം ജനങ്ങൾ വലയാറുണ്ട്.കമ്പനിയിലും സമാനമായ അവസ്ഥയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം യാതൊരു നടപടിയും കമ്പനി സ്വീകരിച്ചിരുന്നില്ല. രോഗം ബാധിച്ച തൊഴിലാളികളുമായി റൂം പങ്കിടേണ്ട അവസ്ഥ പോലുമുണ്ടായെന്ന് തൊഴിലാളികൾ പറയുന്നു.
ചൈനയിലെ സീറോ-കോവിഡ് നയം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിക്കുന്നത്. തുടർച്ചയായ ലോക്ക്ഡൗൺ കാരണം ജനജീവിതം കൂടുതൽ ദുസ്സഹമായ അവസ്ഥയാണ്. കോവിഡ് കേസുകള്‍ ഇല്ലാതാകുന്നതുവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന നിലപാടിലാണ് സർക്കാറെന്ന് പ്രസിഡന്റ് ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യാത്ത നഗരങ്ങളിൽ പോലും ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നുവെന്ന ആക്ഷേപവും നിലവിലുണ്ട്.
കോവിഡിന് ശേഷം നടത്തിയ സർവേയിൽ 78 ശതമാനം ബ്രാൻഡുകളും ചൈന നിക്ഷേപത്തിന് ഉചിതമല്ലെന്നാണ് പ്രതികരിച്ചത്. ഫോക്‌സ്‌കോണിലെ പ്രതിഷേധത്തിന്റെ ഫലമായി, ഐഫോൺ വിൽപ്പനയിൽ ആപ്പിളിന് പ്രതിവാരം 1 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ചൈനയിൽ നിന്ന് ഉൽപ്പാദനം പിൻവലിക്കാൻ കമ്പനി ഇപ്പോൾ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.