പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്
ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് അന്വേഷണം.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് അന്വേഷണം. മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതെന്നാണ് ആക്ഷേപം.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയപാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെഗാസസ് വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച ആദ്യ രാജ്യമാണ് ഫ്രാന്‍സ്.
മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മ, ഇന്ത്യയിലെ പ്രമുഖരായ 300ഓളം പേരുടെ മൊബൈൽ ഫോണുകൾ പെഗാസസ് വഴി ഹാക്ക് ചെയ്യപ്പെട്ടതായും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് കേന്ദ്രമന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിയുടെയും നാല്‍പതോളം മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.