കോവിഡ് പരിശോധനക്ക് സമ്മതിച്ചില്ല; ഫ്രഞ്ച് പ്രസിഡന്റിനെ നീളൻ മേശയുടെ അപ്പുറമിരുത്തി ചർച്ചനടത്തി പുടിൻ

ഇരുനേതാക്കളും ദൂരത്തിരുന്ന് ചർച്ച നടത്തുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. തുടർന്നാണ് നീളൻ മേശയുടെ പിറകിലെ രഹസ്യം വെള്ളിയാഴ്ച റഷ്യ വെളിപ്പെടുത്തിയത്

Update: 2022-08-30 13:05 GMT
Advertising

കോവിഡ് പരിശോധനക്ക് സമ്മതിക്കാത്തതിനാൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണെ നീളൻ മേശയുടെ അപ്പുറമിരുത്തി ചർച്ച നടത്തി റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിൻ. തിങ്കളാഴ്ചയാണ് ഇരു നേതാക്കളും നീളൻ മേശയുടെ അറ്റങ്ങളിലായിരുന്ന് ചർച്ച നടത്തിയത്. യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടാകുമോയെന്ന ഭയമില്ലാതാക്കാനായിരുന്നു മാക്രോണിന്റെ സന്ദർശനം. എന്നാൽ ഇരുനേതാക്കളും ദൂരത്തിരുന്ന് ചർച്ച നടത്തുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയായിരുന്നു. പ്രത്യേകിച്ച് മൂന്നു ദിവസത്തിന് ശേഷം കസാഖിസ്ഥാൻ പ്രസിഡൻറ് വന്നപ്പോൾ ചെറിയ മേശയിലിരുന്നാണ് പുടിൻ ചർച്ച നടത്തിയിരുന്നത്. ഇതോടെ പുടിൻ-മാക്രോൺ ചർച്ചയിലെ മേശ കൂടുതൽ ചർച്ചയായി. തുടർന്ന് നീളൻ മേശയുടെ പിറകിലെ രഹസ്യം വെള്ളിയാഴ്ച റഷ്യ വെളിപ്പെടുത്തുകയായിരുന്നു. തങ്ങൾ ആവശ്യപ്പെട്ടിട്ടും കോവിഡ് പരിശോധനക്ക് മാക്രോൺ തയാറാകാത്തതിനാലാണ് ഈ തരത്തിൽ ചർച്ച നടത്തേണ്ടിവന്നതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെക്‌സോവ് പറഞ്ഞു.



ടേബിളിന്റെ നീളം ആറുമീറ്ററായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആതിഥേയരുമായി സഹകരിക്കാതെ ചിലർ സ്വന്തം രീതികൾ പിന്തുടരുകയാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ തങ്ങളുടെ പ്രസിഡൻറിന്റെ ആരോഗ്യം സംരക്ഷിക്കാൻ തങ്ങൾക്ക് കൂടൂതൽ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ദിമിത്രി ചൂണ്ടിക്കാട്ടി. അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവശത്തെയും ഡോക്ടർമാർ സഹകരിക്കുകയാണെങ്കിൽ നയതന്ത്രചർച്ചകളിൽ പുടിൻ അടുത്തടുത്തായി ഇരിക്കാറുണ്ടെന്നും കൈ കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



എന്നാൽ സാധാരണ യാത്ര ചെയ്യുമ്പോഴുള്ള കാര്യങ്ങൾ റഷ്യയിലെത്തിയപ്പോഴും ചെയ്തുവെന്നാണ് ഫ്രഞ്ച് പ്രസിഡൻറിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. പ്രശ്‌നം പിസിആർ ടെസ്റ്റിന് ആവശ്യപ്പെട്ടതും നിഷേധിച്ചതുമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഫ്രഞ്ച് പ്രസിഡൻഷ്യൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ വർഷത്തിൽ നേരത്തെ പുടിനെ സന്ദർശിച്ച ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാനും ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റൈസിയും വളരെ അകലമുള്ള മേശയുടെ അറ്റങ്ങളിലിരുന്നാണ് ചർച്ച നടത്തിയിരുന്നത്.



69 കാരനായ പുടിന്റെ ആരോഗ്യം സംരക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് റഷ്യൻ ഭരണകൂടം പാലിക്കുന്നത്. റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് ഫൈവാണ് ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. മോസ്‌കോയിൽ പലയിടത്തും സാമൂഹിക അകലം പാലിക്കുന്നതിൽ ഇളവുണ്ടെങ്കിലും പുടിൻ ഇവ കർശനമായി പാലിക്കുന്നുണ്ട്. നിലവിൽ റഷ്യയിലേക്ക് വരുന്നവർ വിമാനം കയറും മുമ്പ് പിസിആർ പരിശോധന നടത്തണം. രാജ്യത്ത് എത്തിയ ശേഷം ചെയ്യേണ്ടതില്ല.






മാക്രോൺ കോവിഡ് പരിശോധന നിരസിക്കാൻ കാരണം ഡി.എൻ.എ മോഷ്ടിക്കുമോയെന്ന ഭയം

പുടിനുമായി കൂടിക്കാഴ്ച്ച നടത്താൻ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കോവിഡ് പരിശോധന നിരസിക്കാൻ കാരണം ഡി.എൻ.എ മോഷ്ടിക്കുമോയെന്ന ഭയം മൂലമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച വാർത്ത റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. ഫ്രഞ്ച് പ്രസിഡന്റ് കോവിഡ് പരിശോധന നിരസിച്ച സാഹചര്യത്തിൽ ചർച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ രണ്ടു നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഒന്നുകിൽ റഷ്യൻ അധികൃതർ നടത്തുന്ന പിസിആർ ടെസ്റ്റ് അംഗീകരിച്ച് പുടിനോട് ഒരുമിച്ചിരുന്ന് സംഭാഷണത്തിലേർപ്പെടുക, അല്ലെങ്കിൽ ടെസ്റ്റ് നിരസിച്ച് സാമൂഹിക അകലത്തിൽ ചർച്ച നടത്തുക എന്നിവയായിരുന്നു അധികൃതർ മുന്നോട്ട് വെച്ച രണ്ട് നിർദേശങ്ങൾ.


French President Emmanuel Macron Kept distance From Russian President Vladimir Putin for refusing to accept Covid PCR test.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News