'ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നു, ഈ കൂട്ടക്കൊലയ്ക്ക് യാതൊരു ന്യായീകരണവുമില്ല'; ജോസഫ് ബോറെൽ
തെൽ അവിവ്: അഭയാർഥികൾ താമസിക്കുന്ന ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നു. നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറെൽ രംഗത്ത്. ന്യായീകരണമില്ലാത്ത കൊടും ക്രൂരതയാണിതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിലെ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. നിരവധി ഫലസ്തീനികളാണ് ഇരയാക്കപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തോളം സ്‌കൂളുകളാണ് ലക്ഷ്യമിട്ടത്. ഈ കൂട്ടക്കൊലയ്ക്ക് യാതൊരു ന്യായീകരണവുമില്ല. മരണനിരക്കിൽ കനത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഇതുവരെ നാൽപതിനായിരത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാറിൽ ഇസ്രായേലികളുടെ താല്പര്യത്തിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്ന മന്ത്രി സ്‌മോട്രിച്ചിന്റെ പ്രതികരണത്തില്‍ ഖേദിക്കുന്നു. സിവിലിയൻസിനെ കൊല്ലുന്നത് അവസാനിപ്പിക്കാനും ബന്ദികളെ സുരക്ഷിതമായി പുറത്തിറക്കാനും വെടിനിർത്തലാണ് ഏക മാർഗമെന്നും അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഗസ സിറ്റിയിലെ തബീൻ സ്‌കൂളിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ നൂറിലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ഹമാസ് കമാൻഡർമാരും പ്രവർത്തകരും ഒളിച്ചിരിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. ഇറാൻ, ഖത്തർ, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ, ലെബനൻ, തുർക്കി എന്നീ രാജ്യങ്ങള്‍ സംഭവത്തില്‍ അപലപിച്ചു.