ഹമാസ് നേതൃത്വത്തെ വധിക്കാതെ ഗസ്സ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു
ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിൽ രണ്ടു ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഐഡിഎഫ്
ടെൽഅവീവ്: ഹമാസ് നേതൃത്വത്തെ വധിക്കാതെ ഗസ്സ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കകം ലക്ഷ്യം നേടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. യുദ്ധം പൂർണമായി അവസാനിപ്പിക്കുമെന്ന ഉറപ്പു കിട്ടാതെ വെടിനിർത്തലിനില്ലെന്ന നിലപാടിൽ ഹമാസ് ഉറച്ചുനിൽക്കുകയാണ്. അതിനിടെയാണ് ഹമാസ് നേതാക്കളെ പൂർണമായും ഇല്ലാതാക്കിയാലല്ലാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഈ ലക്ഷ്യം പൂർത്തിയാക്കാൻ വർഷങ്ങളെടുക്കില്ല, വെറും മാസങ്ങൾ മതിയെന്നും നെതന്യാഹു പറഞ്ഞു. ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിലും ഇസ്രായേൽ സേനയ്ക്ക്, ഹമാസ് കനത്ത തിരിച്ചടി നൽകുന്നുണ്ട്. ഈ മേഖലയിൽ യുഎൻ സംവിധാനങ്ങളെയടക്കം ആക്രമിച്ചാണ് ഇസ്രായേൽ പകവീട്ടുന്നത്.
യുദ്ധം തുടങ്ങിയ ശേഷം അഞ്ചാംതവണ പശ്ചിമേഷ്യയിലെത്തിയ യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സൗദിയിൽ നിന്ന് ഇന്ന് ഖത്തറിലും ഈജിപ്തിലുമെത്തും. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി വെടിനിർത്തൽ പുരോഗതി സംബന്ധിച്ച് ബ്ലിങ്കൻ ചർച്ച നടത്തും. നാളെയാണ് ബ്ലിങ്കൻ ഇസ്രായേലിലെത്തുക.
അതിനിടെ, ലബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിൽ രണ്ടു ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായി ഐഡിഎഫ് അറിയിച്ചു. ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണവും ശക്തമാണ്. 24 മണിക്കൂറിനിടെ 107 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.