കളിച്ചുവളർന്ന വീട് ബാക്കിയായില്ലെങ്കിലെന്താ, വളർത്തുമത്സ്യങ്ങളെ തിരികെക്കിട്ടിയല്ലോ; ഗസ്സയിലെ ദുരന്തക്കാഴ്ചകൾക്കിടയിൽ കണ്ണുനിറയിച്ച് കുരുന്നുകൾ
കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേരുടെയും വീട് പൂര്‍ണമായും തകർന്നിരുന്നു
ഇത്തവണ ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയുടെ ഏറ്റവും വലിയ ഇരകൾ ഫലസ്ഥീനിലെ പിഞ്ചുബാല്യങ്ങളാണ്. ശിശുക്കൾ മുതൽ കൗമാരക്കാർ അടക്കം 40ഓളം കുട്ടികളുടെ ജീവനാണ് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇസ്രായേൽ ക്രൂരതയിൽ പൊലിഞ്ഞത്.
എന്നാൽ, പിഞ്ചുകുഞ്ഞുങ്ങളോടും കരുണയില്ലാതെ ഇസ്രായേൽ നരഹത്യ തുടരുമ്പോൾ ലോകത്തിനുമുൻപിൽ സഹജീവി സ്‌നേഹത്തിന്റെ വേറിട്ട കാഴ്ചയാകുകയാണ് ഗസ്സയിലെ ദുരന്തഭൂമിയിൽ രണ്ട് ഫലസ്ഥീൻ ബാല്യങ്ങൾ. കഴിഞ്ഞ ദിവസം രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേരുടെയും വീട് നിശ്ശേഷം തകർന്നുപോയിരുന്നു. വ്യോമാക്രമണം ആരംഭിച്ചതോടെ വീട്ടിൽനിന്നു രക്ഷപ്പെട്ടതായിരുന്നു ഇവർ.
പിറ്റേന്നു രാവിലെ രണ്ടുപേരും വീട്ടിലെത്തി. മറ്റൊന്നിനുമായിരുന്നില്ല. തങ്ങൾ ജീവനെപ്പോലെ കരുതി വളർത്തിപ്പോന്നിരുന്ന മത്സ്യങ്ങൾ അവിടെ ബാക്കിയുണ്ടോ എന്നറിയാൻ. പാടെ തകർന്നുകിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏറെ ആഹ്ലാദത്തോടെ അവർ മത്സ്യങ്ങളെ സൂക്ഷിച്ച ജാർ കണ്ടെത്തുകയും ചെയ്തു; ഇന്നലെ വരെ കളിയും ചിരിയുമായി കഴിഞ്ഞ വീട് ഇന്ന് അവിടെയില്ല. അതിന്റെ ദുഃഖം അവരുടെ മുഖത്ത് കണ്ടില്ല. കാരണം തങ്ങളുടെ പ്രിയപ്പെട്ട മത്സ്യങ്ങൾ അവിടെ ബാക്കിയുണ്ടായിരുന്നല്ലോ! കുപ്പിയും പിടിച്ചു പുറത്തിറങ്ങുമ്പോൾ അവരുടെ കണ്ണുകളിൽ കണ്ട തിളക്കം പറഞ്ഞറിയിക്കാനാകാത്തതാണ്.
ഭാഗ്യത്തിന് മത്സ്യങ്ങളെ വീട്ടിൽനിന്ന് രക്ഷിക്കാനായെന്ന് സഹോദരൻ വിഡിയോഗ്രാഫറെ നോക്കിപ്പറഞ്ഞു. വളർത്തുപക്ഷികളെക്കൂടി രക്ഷിക്കണമെന്നായിരുന്നു സഹോദരിയുടെ പ്രതികരണം. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.
Gazan children save their pet fish from the rubble of their home after it was demolished by an Israeli airstrike. pic.twitter.com/i8Sco1Yo3F
— Middle East Eye (@MiddleEastEye) May 15, 2021