ഗസ്സയിലെ ഏക കോവിഡ് പരിശോധനാ ലാബും ഇസ്രായേൽ തകര്‍ത്തു
ആരോഗ്യ മന്ത്രാലയവും മേഖലയിലെ ഏക കോവിഡ് പരിശോധനാ ലാബായ രിമാൽ ക്ലിനിക്കും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം
ഗസ്സയിലെ ഏക കോവിഡ് പരിശോധനാ ലാബും ബോംബിട്ട് തകർത്ത് ഇസ്രായേൽ. ആശുപത്രിയും ആരോഗ്യ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പിറകെയാണ് കോവിഡ് പരിശോധനാ കേന്ദ്രവും തകർത്തിരിക്കുന്നത്. ഇതേത്തുടർന്ന് മേഖലയിലെ കോവിഡ് പരിശോധന പൂർണമായും നിർത്തിവച്ചിരിക്കുകയാണെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. യൂസുഫ് അബ്ദുൽറിഷ് അറിയിച്ചു.
മധ്യ ഗസ്സയില്‍ സ്ഥിതി ചെയ്യുന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ കാര്യാലയവും മേഖലയിലെ ഏക കോവിഡ് പരിശോധനാ ലാബായ രിമാൽ ക്ലിനിക്കും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം. ആറുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രാലയം ഒാഫീസ് പൂർണമായി തകർന്നിട്ടുണ്ട്. ആക്രമണത്തിൽ കോവിഡ് പരിശോധനയ്ക്കായുള്ള ഹോട്‌ലൈനിൽ പ്രവർത്തിച്ചിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായി അബ്ദുൽറിഷ് പറഞ്ഞു. സമീപത്തുള്ള അനാഥാലയവും ഗേൾസ് ഹൈസ്‌കൂളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയില്‍ രണ്ട് ഡോക്ടർമാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഗസ്സയിലെ പ്രധാന ആശുപത്രിയായ അൽശിഫയിലെ ആന്തരികാവയവ വിഭാഗം മേധാവി അയ്മൻ അബു അൽഔഫ്, നാഡീരോഗ വിദഗ്ധൻ മുഈനുൽ അലൂൽ എന്നിവരാണ് മരിച്ചത്. ദന്തരോഗ വിഭാഗത്തിൽ വിദ്യാർത്ഥിനിയായ ഷൈമാ അബുഅൽഔഫും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.