ഇസ്രായേലിനെതിരായ വംശഹത്യ കേസ് തള്ളില്ല; വ്യക്തമായ തെളിവുകളുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി
വംശഹത്യ കേസ് തള്ളണമെന്ന ഇസ്രായേൽ അഭ്യർത്ഥന അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു
ഇസ്രായേലിനെതിരെയുള്ള വംശഹത്യ കേസ് തള്ളില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ദക്ഷിണാഫ്രിക്ക സമർപ്പിച്ച വംശഹത്യ കേസ് തള്ളണമെന്ന ഇസ്രായേൽ അഭ്യർത്ഥന അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു. വംശഹത്യ ചട്ടങ്ങൾ പ്രകാരം ഫലസ്തീൻ ജനത സംരക്ഷിത വിഭാഗമാണ്. ഫലസ്തീൻ ജനതയോടുള്ള ഇസ്രായേൽ നേതാക്കളുടെ മനുഷ്യത്വ വിരുദ്ധ പ്രസ്താവനകളും കോടതി പരിഗണിക്കും.
ആമുഖമായി ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം സൂചിപ്പിച്ചുകൊണ്ടാണ് ഐസിജെയുടെ പ്രസിഡന്റ് സംസാരിച്ചുതുടങ്ങിയത്. കേസിൽ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന് വാദം ഐസിജെ തള്ളി. ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഐസിജെ വ്യക്തമാക്കി.
ഇന്ന് പൂർണമായ വിധി ഉണ്ടാകില്ലെങ്കിലും ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തിയോ ഇല്ലയോ എന്നത് സംബന്ധിച്ചൊരു തീർപ്പ് കോടതിയിൽ ഉണ്ടാകും. ഇടക്കാല വിധിയാണ് ലോകം ഉറ്റുനോക്കുന്നത്.
വിധി എന്തു തന്നെയായാലും അംഗീകരിക്കില്ലെന്ന് ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ. നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക തെളിവുകൾ നിരത്തി വാദിച്ചിരുന്നു.
ഭക്ഷണം, വെള്ളം, ആരോഗ്യപരിപാലനം, ഇന്ധനം, ശുചിത്വം, വാർത്താവിനിമയം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ വരെ നിരസിച്ചും മാരകമായ ബോംബുകൾ വർഷിച്ചും ഗസ്സയിൽ വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്ന ദക്ഷിണാഫ്രിക്കൻ വാദം ഇസ്രായേൽ തള്ളുകയായിരുന്നു. ഒക്ടോബർ ഏഴിന്റെ ആക്രമണത്തിനുള്ള സ്വാഭാവിക പ്രതിരോധം മാത്രമാണ് തങ്ങളുടേതെന്നാണ് കോടതിയിൽ ഇസ്രായേൽ വാദിച്ചത്. ഇസ്രായേൽ അംഗീകരിച്ചാലും ഇല്ലെങ്കിലും വിധി ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമ്മർദം കടുപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ.