അരനൂറ്റാണ്ട് മുന്‍പ് കുംഭകോണത്തു നിന്നും കാണാതായ പാര്‍വതി ദേവിയുടെ വിഗ്രഹം ന്യൂയോര്‍ക്കില്‍
ന്യൂയോർക്കിലെ ബോൺഹാംസ് ലേല ഹൗസിൽ നിന്നാണ് 1.5 കോടി വിലവരുന്ന വിഗ്രഹം കണ്ടെത്തിയതെന്ന് സി.ഐ.ഡി അറിയിച്ചു
ചെന്നൈ: 50 വര്‍ഷം മുന്‍പ് കുംഭകോണം, തണ്ടൻതോട്ടം നടനപുരേശ്വരർ ശിവൻ ക്ഷേത്രത്തിൽ നിന്ന് കാണാതായ പാർവതി ദേവിയുടെ വിഗ്രഹം ന്യൂയോര്‍ക്കില്‍ കണ്ടെത്തിയതായി തമിഴ്‌നാട് ഐഡൽ വിങ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) തിങ്കളാഴ്ച അറിയിച്ചു. ന്യൂയോർക്കിലെ ബോൺഹാംസ് ലേല ഹൗസിൽ നിന്നാണ് 1.5 കോടി വിലവരുന്ന വിഗ്രഹം കണ്ടെത്തിയതെന്ന് സി.ഐ.ഡി അറിയിച്ചു.
വിഗ്രഹം കാണാനില്ലെന്ന് കാണിച്ച് 1971ലാണ് ആദ്യം പരാതി ലഭിച്ചതെങ്കിലും കെ.വാസു എന്നയാളുടെ പരാതിയിൽ 2019ലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐഡൽ വിംഗ് ഇൻസ്‌പെക്ടർ എം ചിത്ര അന്വേഷണം ഏറ്റെടുത്ത് വിദേശത്തെ വിവിധ മ്യൂസിയങ്ങളിലും ലേലശാലകളിലും ചോള കാലത്തെ പാർവതി വിഗ്രഹങ്ങൾക്കായി നടത്തിയ അന്വേഷണത്തിലാണ് വിഗ്രഹം കണ്ടെത്തിയത്.
12ാം നൂറ്റാണ്ടില്‍ ചെമ്പ് കൊണ്ട് നിർമ്മിച്ച വിഗ്രഹത്തിന് 1,68,26,143 രൂപയാണ് വില. വിഗ്രഹത്തിന് 52 ഇഞ്ച് നീളമുണ്ട്. വിഗ്രഹം തിരികെ കൊണ്ടുവരാനുള്ള രേഖകൾ സംഘം തയ്യാറാക്കിയിട്ടുണ്ടെന്ന് ഐഡൽ വിംഗ് സി.ഐ.ഡി ഡയറക്ടർ ജനറൽ (ഡിജിപി) ജയന്ത് മുരളി പറഞ്ഞു.