‘2024 സേഫ് അല്ലെന്ന്’ ഗൂഗിൾ; കൂടുതൽ പേർക്ക് ജോലി നഷ്ടമാകുമെന്ന് മുന്നറിയിപ്പ്
ഈ വർഷം കൂടുതൽ പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടി വരുമെന്ന് സുന്ദർ പിച്ചൈ
2024 തുടങ്ങിയതിന് പിന്നാലെ തൊഴിലന്വേഷകർക്കും യുവാക്കൾക്കും നിരാശ നൽകുന്ന വാർത്തകളാണ് ഗൂഗിളിൽ നിന്ന് പുറത്തുവരുന്നത്. ഈ വർഷം കൂടുതൽ പേരെ പിരിച്ചുവിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് നൽകിയതായി ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 10 മുതൽ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ വകുപ്പുകളിലായി ജോലിചെയ്യുന്ന ആയിരത്തിലധികം ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. ഇനിയും കൂടുതൽ പേരെ വെട്ടിക്കുറക്കേണ്ടി വരുമെന്നാണ് സുന്ദർ പിച്ചൈ വ്യക്തമാക്കുന്നത്.
ഗൂഗിൾ പിക്‌സൽ, നെസ്റ്റ്, ഫിറ്റ്‌ബിറ്റ് എന്നിവയുടെ പ്രധാന ഹാര്‍ഡ് വെയര്‍ ടീമുകൾ, എഞ്ചിനീയറിങ് ടീമുകള്‍ എന്നിവരെ ഗൂഗിള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്‌റ്റ്‌വെയറും ഓട്ടോമേഷനും കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം കമ്പനിയുടെ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, ഊന്നൽ നൽകുന്ന വിവിധ മേഖലകളിൽ ലക്ഷ്യം കൈവരിക്കുന്നതിൽ വേഗത വർധിപ്പിക്കുക തുടങ്ങിയവലക്ഷ്യമിട്ടാണ് ഈ വർഷത്തെ പിരിച്ചുവിടലുകളെന്ന് സുന്ദർ പിച്ചൈ മെമ്മോയിൽ സൂചിപ്പിച്ചു. വിവിധ ഐ.ടി കമ്പനികളുൾപ്പടെയുള്ളവരും ജീവനക്കാരെ പിരിച്ചു വിടൽ മുന്നറിയിപ്പ് നൽകിയിരുന്നു.