പൊലീസിനെ അനുസരിച്ചില്ല; പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗിന് പിഴ

സ്വീഡൻ പാർലമെന്റ് കവാടത്തിന് മുന്നിൽ ദിവസങ്ങളോളമാണ് ഗ്രെറ്റയും സംഘവും പ്രതിഷേധിച്ചത്.

Update: 2024-05-08 15:42 GMT
Editor : banuisahak | By : Web Desk
Advertising

സ്വീഡനിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉത്തരവുകൾ പാലിക്കാത്തതിന്റെ പേരിൽ കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തൻബെർഗിന് പിഴചുമത്തി സ്റ്റോക്ക്ഹോം കോടതി. സ്വീഡൻ പാർലമെന്റിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ടായിരുന്നു ഗ്രെറ്റയുടെ നേതൃത്വത്തിൽ പ്രതിഷേധം.

പ്രധാന കവാടത്തിൽ നിന്ന് പുറത്തുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഗ്രെറ്റ തയ്യാറായില്ല. തുടർന്ന് ഇവരെ പൊലീസ് തന്നെ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു. മാർച്ച് 12, 14 തീയതികളിലായിരുന്നു സംഭവം. സ്വീഡൻ പാർലമെന്റ് കവാടത്തിന് മുന്നിൽ ദിവസങ്ങളോളം ഗ്രെറ്റയും ഒരുകൂട്ടം ആളുകളും പ്രതിഷേധിച്ചിരുന്നു. എംപിമാർ മറ്റൊരു കവാടം വഴിയാണ് പാര്ലമെന്റിനുള്ളിലേക്ക് പ്രവേശിച്ചിരുന്നത്.

ഗ്രെറ്റ 45,958.99 രൂപ ($551) പിഴയൊടുക്കണമെന്നാണ് കോടതി ഉത്തരവ്. കൂടാതെ നഷ്ടപരിഹാരവും പലിശയുമായി 1,000 ക്രോണറും ( 7,660.89 രൂപ) നൽകാനും ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, പോലീസിന്റെ നിർദേശങ്ങൾ പാലിച്ചില്ലെന്ന ആരോപണം ഗ്രെറ്റ തള്ളി. കാലാവസ്ഥാ അടിയന്തരാവസ്ഥ നിലനിൽക്കുന്നു. ഈ അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കാനുള്ള കടമ നമുക്കെല്ലാവർക്കുമുണ്ടെന്ന് ഗ്രെറ്റ പറഞ്ഞു. പോലീസ് ഉത്തരവുകൾ അനുസരിക്കാത്തതെന്തെന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. 

നിലവിലെ നിയമങ്ങൾ ആളുകളെയും നമ്മുടെ ഗ്രഹത്തെയും സംരക്ഷിക്കുന്നതിനുപകരം വേർതിരിച്ചെടുക്കുന്ന വ്യവസായങ്ങളെയാണ് സംരക്ഷിക്കുന്നതെന്നും ഗ്രെറ്റ കുറ്റപ്പെടുത്തി. സമാനമായ പ്രതിഷേധത്തിനിടെ നിയമലംഘനത്തിന് 2023 ജൂലൈയിലും ഒക്‌ടോബറിലും സ്വീഡനിൽ രണ്ട് തവണ തൻബർഗിന് പിഴ ചുമത്തിയിട്ടുണ്ട്. 

ജൂലൈയിൽ മാൽമോ തുറമുഖത്ത് ഓയിൽ ടെർമിനലിലേക്കുള്ള ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു ഗ്രെറ്റയുടെയും സംഘത്തിന്റെയും പ്രതിഷേധം. സമരസ്ഥലം വിടണമെന്ന് പൊലീസ് പലതവണകളായി ആവശ്യപ്പെട്ടെങ്കിലും ഗ്രെറ്റ അനുസരിക്കാൻ കൂട്ടാക്കാഞ്ഞതോടെ കേസെടുക്കുകയായിരുന്നു.

2003 ജനുവരിയിൽ സ്വീഡനിലെ സ്റ്റോക്കോമിലാണ് ഗ്രെറ്റയുടെ ജനനം. എഴുത്തുകാരനായ സ്വാന്റെ തുൺബെർഗിന്റെയും പാട്ടുകാരിയായ മലേനയുടെയും മകളാണ്. കാർബൺബഹിർഗമനം കുറച്ചുള്ള ജീവിതരീതി അവലംബിക്കാൻ മാതാപിതാക്കളെ നിർബന്ധിച്ചുകൊണ്ട് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് ഗ്രെറ്റ പരിസ്ഥിതി പ്രവർത്തനം തുടങ്ങിയത്. 2018 ഏപ്രിലിൽ സ്വീഡിഷ് പാർലമെന്റിനു പുറത്ത് ശക്തമായ കാലാവസ്ഥാ നയങ്ങൾ ആവശ്യപ്പെട്ട് ഗ്രെറ്റ സമരങ്ങൾ തുടങ്ങി. വെള്ളിയാഴ്ചകളിൽ നടന്ന ഈ സമരങ്ങൾ പിന്നീട് ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന പേരിൽ അറിയപ്പെട്ടു.

2019ൽ യുഎസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി പായ്‌വഞ്ചിയിൽ ഗ്രെറ്റ നടത്തിയ യാത്രയും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019, 2020, 2021, 2022 വർഷങ്ങളിൽ നോബൽ പുരസ്‌കാരത്തിനായുള്ള നാമനിർദേശങ്ങളിലും ഗ്രെറ്റ ഇടംനേടി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News