വീണ്ടും ഇസ്രായേല്‍ നീക്കം പാളി; എട്ടാമത്തെ വധശ്രമവും അതിജീവിച്ച് മുഹമ്മദ് ദൈഫ്

ഹമാസ് സേനാ കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിക്കാവുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അല്‍മവാസി ക്യാംപ് ആക്രമണത്തിനു പിന്നാലെ പ്രതികരിച്ചത്

Update: 2024-07-14 14:20 GMT
Editor : Shaheer | By : Web Desk

മുഹമ്മദ് ദൈഫ്(വലത്ത്) എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം

Advertising

ഗസ്സ സിറ്റി: ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നീക്കം വീണ്ടും പാളി. ശനിയാഴ്ച ഖാന്‍ യൂനിസില്‍ യു.എന്‍ സുരക്ഷിത മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 90 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെങ്കിലും ദൈഫ് അത്ഭുതകരമായി രക്ഷപ്പെട്ടെന്നാണു വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് എട്ടാം തവണയാണ് ഹമാസ് സേനാ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ദൈഫിനെതിരെ ഇസ്രായേല്‍ വധശ്രമം നടക്കുന്നത്. ദൈഫ് കൊല്ലപ്പെട്ടെന്നു സ്ഥിരീകരിക്കാവുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയത്.

ശനിയാഴ്ച തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലുള്ള അല്‍മവാസി അഭയാര്‍ഥി ക്യാംപിനുനേരെയായിരുന്നു ഇസ്രായേലിന്റെ വന്‍ വ്യോമാക്രമണം നടന്നത്. സംഭവത്തില്‍ 90 പേര്‍ കൊല്ലപ്പെടുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യു.എന്‍ സുരക്ഷിതമേഖലയായി അംഗീകരിച്ച ക്യാംപ് കൂടിയാണിത്. ആക്രമണം മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് ഇസ്രായേല്‍ വാദിക്കുന്നത്.

എന്നാല്‍, ദൈഫിനെ ഒന്നും ചെയ്യാനായിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചിട്ടുണ്ട്. ഹമാസിന്റെ സൈനിക നടപകള്‍ക്കെല്ലാം ഇപ്പോഴും ദൈഫ് നേരിട്ടു മേല്‍നോട്ടം വഹിക്കുകയാണെന്നാണ് ഒരു ഹമാസ് വൃത്തം വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് വ്യക്തമാക്കിയത്. ദൈഫിനെ കൊലപ്പെടുത്താനായെന്നു സ്ഥിരീകരിക്കാവുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നെതന്യാഹുവും അറിയിച്ചിരുന്നു.

ഗസ്സ തുരങ്കങ്ങളുടെ സൂത്രധാരന്‍; ഇസ്രായേലിന്റെ ഉറക്കംകെടുത്തുന്ന ദൈഫ്

1990കളില്‍ ഖസ്സാം ബ്രിഗേഡ്‌സ് എന്ന പേരില്‍ ഹമാസ് സൈനിക വിഭാഗത്തിനു രൂപംനല്‍കുമ്പോള്‍ അതിന്റെ സ്ഥാപകരില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ദൈഫ്. 2002ലാണ് അദ്ദേഹം സേനാ കമാന്‍ഡറാകുന്നത്. ഇസ്രായേലിനെ എപ്പോഴും കുഴക്കിയിട്ടുള്ള ഗസ്സയിലെ ഹമാസ് തുരങ്കകളുടെ സൂത്രധാരന്മാരില്‍ ഒരാള്‍ കൂടിയാണ് ദൈഫ്.

1960കളുടെ തുടക്കത്തില്‍ ഗസ്സയിലെ ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെപ്പോലെ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാംപിലാണ് ദൈഫും ജനിക്കുന്നത്. 80കളില്‍ ഹമാസ് രൂപീകൃതമായതിനു പിന്നാലെ തന്നെ സംഘത്തോടൊപ്പം ചേരുന്നുണ്ട്. 1989ല്‍, ഫലസ്തീന്‍ വിമോചന പോരാട്ടമായ ഇന്‍തിഫാദയില്‍ പങ്കാളിയായ ദൈഫിനെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ജയില്‍മോചിതനാകുകയായിരുന്നു.

പതിറ്റാണ്ടുകളായി ഇസ്രായേലിനെ ഉറക്കംകെടുത്തുന്ന ഹമാസ് നീക്കങ്ങളുടെ തലച്ചോറായ ദൈഫ് എന്നും അവരുടെ നോട്ടപ്പുള്ളിയാണ്. പലതവണ അദ്ദേഹത്തെ വധിക്കാന്‍ ഇസ്രായേല്‍ നീക്കങ്ങളുണ്ടായി. എല്ലായ്‌പ്പോഴും അത്ഭുതകരമായി ദൈഫ് രക്ഷപ്പെടുകയും ചെയ്തു. ഒരു വധശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് കാലിന്റെ ശേഷി നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. സിന്‍വാറില്‍നിന്നു വ്യത്യസ്തനായി ദൈഫ് ഒരിക്കലും പുറത്ത് പ്രത്യക്ഷപ്പെടാറില്ല. മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന പഴയ ചിത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പുതിയ ചിത്രങ്ങളും എവിടെയും കാണാറില്ല.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മിന്നലാക്രമണത്തിനു ശേഷം ഇസ്രായേല്‍ പലതവണ ദൈഫിനെയും സിന്‍വാറിനെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരായാണ് ഇവരെ ഇസ്രായേല്‍ കണക്കാക്കുന്നത്. ആക്രമണം നടന്ന ദിവസം ശത്രുവിന്റെ താവളത്തില്‍ ഹമാസ് അല്‍അഖ്‌സ ഓപറേഷനു തുടക്കമിട്ടിരിക്കുന്നുവെന്നു പരസ്യമായി പ്രഖ്യാപിക്കുന്നതും ദൈഫായിരുന്നു. ദൈഫിന്റെ പേരില്‍ ആക്രമണലക്ഷ്യങ്ങള്‍ വിവരിച്ചു ശബ്ദസന്ദേശം പുറത്തിറങ്ങിയിരുന്നു.

അല്‍മവാസി ക്യാംപ് ആക്രമണത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം

അതിനിടെ, സുരക്ഷിത മേഖലയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുകയാണ്. ആക്രമണത്തെ യു.എന്നും യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങളും ശക്തമായി അപലപിച്ചു. അല്‍മവാസി ക്യാംപിലെ ഇസ്രായേല്‍ ആക്രമണം യുദ്ധക്കുറ്റമാണെന്ന് യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അല്‍മവാസി ക്യാംപ് ആക്രമണത്തില്‍ സ്വതന്ത്ര സമിതി അന്വേഷണം നടത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ തലവന്‍ ജോസഫ് ബോറല്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ നിരപരാധികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷനും(ഒ.ഐ.സി) ശക്തമായ അപലപിച്ചു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നതെന്ന് ഒ.ഐ.സി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഹീനമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയതെന്ന് മലേഷ്യ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രായേല്‍ അപകടകരമായ ആക്രമണം തുടരുന്നതെന്ന് ഇറാഖി സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

Summary: Hamas' al-Qassam Brigades commander Mohammed Deif survives 8th Israel assassination attempt

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News