വെടിനിർത്തൽ ചർച്ച വഴിമുട്ടിയതിനു കാരണം ഹമാസിന്‍റെ കടുംപിടിത്തം; യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു
ഹിറ്റ്ലറുടെ കൊടും ക്രൂരതയുടെ ആവർത്തനമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ഡാ സിൽവ വ്യക്തമാക്കി
ജറുസലെം: വെടിനിർത്തൽ ചർച്ച വഴിമുട്ടിയതിനു കാരണം ഹമാസിന്‍റെ കടുംപിടിത്തമാണെന്നും യുദ്ധത്തിൽ നിന്ന് പിറകോട്ടില്ലെന്നും പ്രഖ്യാപിച്ച് നെതന്യാഹു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം തങ്ങൾ അംഗീകരിക്കില്ലെന്നും ഇസ്രായേൽ അറിയിച്ചു. ഹിറ്റ്ലറുടെ കൊടും ക്രൂരതയുടെ ആവർത്തനമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ഡാ സിൽവ വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിൽ നാളെ യു.എൻ രക്ഷാസമിതിയിൽ വോട്ടെടുപ്പ് നടക്കും. അതേസമയം ഗസ്സയിൽ മരണം 29,000ത്തിലേക്ക് കടന്നു.
കെയ്റോ കേന്ദ്രീകരിച്ചു നടന്ന വെടിനിർത്തൽ ചർച്ച വഴിമുട്ടിയതോടെ, അന്താരാഷ്ട്ര സമ്മർദം മറികടന്നും റഫക്കു നേരെയുള്ള ആക്രമണവുമായി മുന്നോട്ടു നീങ്ങുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ഹമാസുമായി വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം ഉറപ്പാക്കണമെന്ന ആവശ്യവും നെതന്യാഹു തള്ളി. യുദ്ധത്തിലൂടെ ഹമാസിനെ സൈനികമായ ദുർബലപ്പെടുത്താനായെന്നും സമ്പൂർണ വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു അറിയിച്ചു. മുസ്ലിം വ്രതമാസത്തിൽ മസ്ജിദുൽ അഖ്സയിൽ പ്രാർഥന നടത്താൻ ഫലസ്തീൻ ജനതക്ക വിലക്ക് ഏർപ്പെടുത്തണമെന്ന മന്ത്രി ബെൻഗവിറിന്റെ നിർദേശം പ്രധാനമന്ത്രി നെതന്യാഹു അംഗീകരിച്ചതായി ഇസ്രായേൽ ചാനൽ 13റിപ്പോർട്ട് ചെയ്തു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാൻ ഇസ്രായേലിന്റെ അനുമതി ആവശ്യമില്ലെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യു.എന്നിലെ പൂർണ അംഗത്വവും രാഷ്ട്രങ്ങളുടെ പിന്തുണയുമാണ് അതിനു വേണ്ടത്. ഗസ്സയിൽ തുടരുന്ന ഇസ്രായേൽ അതിക്രമം എല്ലാ അന്താരാഷ്ട്ര ചടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ആഫ്രിക്കൻ ഉച്ചകോടി വ്യക്തമാക്കി. ഇസ്രായേലിന്റെ വംശഹത്യാ നടപടികൾ ഹിറ്റ്ലറെ പോലും തോൽപിക്കുന്നതാണെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ഡാ സിൽവ വിമർശിച്ചു.
ബ്രസീൽ വിമർശനം തരംതാണതെന്ന് ഇസ്രായേലിന്റെ കുറ്റപ്പെടുത്തൽ. ഗസ്സയുദ്ധം ഇനിയും നീണ്ടാൽ മേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി പരിഹരിക്കാൻ ഊർജിതനീക്കം അനിവാര്യമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ. അൽനാസർ മെഡിക്കൽ സമുച്ചയത്തിൽ ഓക്സിജൻ ലഭിക്കാതെ നാല് രോഗികൾ കൂടി മരിച്ചു. 6 രോഗികൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഹോസ്പിറ്റൽ പ്രവർത്തനം ഏറെക്കുറെ നിലച്ച സ്ഥിതിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റീജ്യനൽ ഡയരക്ടർ. പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിലേക്കുള്ള സഹായവിതരണം ഇസ്രായേൽ സേന തടയുകയാണ്. പുതതായി 127 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരണസംഖ്യ 28,985 ആയി. 68,883 പേർക്കാണ് പരിക്ക്. നാളെ രക്ഷാസമിതിയിൽ ഗസ്സ വെടിനിർത്തൽ പ്രമേയത്തിൽ നടക്കുന്ന വോട്ടെടുപ്പ് വീറ്റോ ചെയ്യാനാണ് അമേരിക്കൻ തീരുമാനം. ചൈനയും റഷ്യയും ഉൾപ്പെടെ രക്ഷാസമിതി അംഗങ്ങൾ ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ സിനായിൽ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും ഇല്ലെന്ന് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസി പ്രതികരിച്ചു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാന്‍റ് അറിയിച്ചു.