റഫയിലെ ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്ത് ഹമാസ്
ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസിന്റെ തിരിച്ചടി
ഗസ്സസിറ്റി: തെക്കൻ ഗസ്സയിലെ റഫ നഗരത്തിൽ നിരവധി ഇസ്രായേലി സൈനിക വാഹനങ്ങൾ തകർത്തതായി ഹമാസിന്റെ സൈനിക വിഭാഗം അല്‍ ഖസ്സാം ബ്രിഗേഡ്. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഫയുടെ കിഴക്ക് അൽ-ഷോക്കത്ത് ഏരിയയിൽ ഒരു മെർക്കാവ ടാങ്കും ഡി9 മിലിട്ടറി ബുൾഡോസറും തകര്‍ത്തെന്നാണ് അൽ-ഖസ്സാം ബ്രിഗേഡ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. യാസിന്‍ 105 റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹമാസിന്റെ തിരിച്ചടി. ഇസ്രായേല്‍ സൈനികരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരെയും ഹമാസ് ലക്ഷ്യമിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന കവചിത വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും ഹമാസ് വ്യക്തമാക്കുന്നു.
അതേസമയം വെസ്റ്റ് ബാങ്കിൽ ഇസ്രായേല്‍ കുടിയേറ്റക്കാരെയും സൈനികരെയും ലക്ഷ്യമിട്ട് രണ്ട് ഓപ്പറേഷനുകള്‍ നടത്തിയതായും അൽ-ഖസ്സാം വ്യക്തമാക്കി. ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസിന്റെ ഈ തിരിച്ചടികളെല്ലാം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ വ്യോമാക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടത്. നഗരത്തിന്റെ വടക്ക് ഭാഗത്ത് വിമുക്ത സൈനികർക്കായുള്ള പ്രത്യേക വസതിയിലാണ് ഹനിയ്യയും അംഗരക്ഷകനുമുണ്ടായിരുന്നത്. രണ്ടുപേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു
ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്നാണ് ഹമാസും ഇറാനും ആരോപിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തെ യു.എൻ രക്ഷാസമിതി അംഗങ്ങൾ അപലപിച്ചു. അതോടൊപ്പം തന്നെ പ്രദേശത്തെ അസ്ഥിരപ്പെടത്തിയെന്നാരോപിച്ച് രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങളായ യു.എസും ബ്രിട്ടനും ഇറാനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഹനിയ്യയുടെ കൊലപാതകത്തെ ചൈന ശക്തമായി അപലപിച്ചു. സമാധാന ശ്രമങ്ങൾ അട്ടിമറിക്കാനുള്ള നഗ്നമായ ശ്രമം എന്നാണ് ചൈനീസ് അംബാസിഡര്‍ ഫു കോങ് വ്യക്തമാക്കിയത്. ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
2023 ഒക്‌ടോബർ 7ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം എല്ലാ ഉടമ്പടികളും ലംഘിച്ച് ഇസ്രായേല്‍ ഗസ്സയില്‍ അഴിഞ്ഞാടുകയായിരുന്നു. ഇതിനിടെ പലതരത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമായെങ്കിലും എല്ലാം ലംഘിച്ചും എല്ലാവരെയും അവഗണിച്ചും ഇസ്രേയാല്‍ മുന്നോട്ടുപോകുകയായിരുന്നു. പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുടെ കണക്കനുസരിച്ച്, കുറഞ്ഞത് 39,445 ഫലസ്തീനികളാണ് ഇസ്രായേല്‍ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 91,000ത്തിലധികം പേർക്കാണ് പരിക്കേറ്റത്.