ഇസ്രായേലിന്റെ സുരക്ഷാ വീഴ്ച വീണ്ടും വെളിവാകുന്നു; 2000ന് മുകളിൽ സൈനികരുടെ രേഖകൾ സ്വന്തമാക്കി ഹമാസ്
ഇസ്രായേലിന്റെ വിവിധ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്
ഗസ്സ സിറ്റി: സുരക്ഷയുടെ കാര്യത്തിൽ ലോകത്ത് തന്നെ എന്നും നമ്പർ വൺ ആണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ, ഈ വാദത്തിന്റെ മുനയൊടിക്കുന്ന റിപ്പോർട്ടുകളാണ് ദിവസവും പുറത്തുവരുന്നത്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് അന്താരാഷ്ട്ര തലത്തിലെ അന്വേഷണാത്മക റിപ്പോർട്ടർമാരുടെ കൂട്ടായ്മ പേപ്പർ ട്രയൽ മീഡിയ പുറത്തുവിട്ട റിപ്പോർട്ട്. 2000ന് മുകളിൽ ഇസ്രായേലി വ്യോമസേന അംഗങ്ങളുടെ വിവരങ്ങളും രേഖകളും ഹമാസ് ശേഖരിച്ചതായി ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൈനികരുടെ പൂർണ നാമം, ബേസ്, യൂനിറ്റ്, ഐ.ഡി നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, സാമൂഹിക മാധ്യമ അക്കൗണ്ട്, കുടുംബാംഗങ്ങളുടെ പേര്, പാസ്വേഡുകൾ, ലൈസൻസ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയാണ് ഹമാസിന് ലഭിച്ചത്. ഹമാസ് തയ്യാറാക്കിയ 2000ലധികം പേജ് വരുന്ന റിപ്പോർട്ട് അന്വേഷണാത്മക റിപ്പോർട്ടമാരുടെ സംഘത്തിന് കൈമാറുകയും പരസ്യമാക്കുകയും ചെയ്തു. ജർമൻ മാധ്യമ സ്ഥാപനമായ സെയ്ത്, ആസ്ട്രിയൻ മാധ്യമമായ സ്റ്റാൻഡേർഡ്, ഇസ്രായേലി പത്രമായ ഹാരെറ്റ്സ് എന്നിവയുമായി സഹകരിച്ചായിരുന്നു പേപ്പർ ട്രയൽ മീഡിയയുടെ പ്രവർത്തനം. ‘ഗസ്സയിലെ കുട്ടികളെ കൊന്നതിനുള്ള പ്രതികാരം’ എന്നാണ് റിപ്പോർട്ടിന് ഹമാസ് നൽകിയിരിക്കുന്ന തലക്കെട്ട്.
ഹമാസിന് ഈ വിവരങ്ങൾ ലഭിച്ചത് ഇസ്രായേലിന്റെ മറ്റൊരു സുരക്ഷാ വീഴ്ചയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൈബർ സുരക്ഷയൊരുക്കുന്നതിൽ വിവിധ ഇസ്രായേലി ഏജൻസികളുടെ പരാജയമാണിത്. ഇത്തരം വിവരങ്ങൾ ചോരുന്നതിലൂടെ ആയിരക്കണക്കിന് ഇസ്രായേലി കുടിയേറ്റക്കാർ വിവിധ ഭീഷണികൾ നേരിടാൻ സാധ്യതയുണ്ട്. ഇന്റലിജൻസ് നിരീക്ഷണം, വിദേശത്ത് നിയമപരമായ നടപടികൾ, പ്രതികാര ആക്രമണങ്ങൾ തുടങ്ങിയവ ഇവർ നേരിടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹമാസ്, ഇറാൻ, ഹിസ്ബുല്ല എന്നിവർ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സൈബർ യുദ്ധത്തിൽ വിദഗ്ധനായ കേണൽ ഡോ. ഗാബി സിബോണി പറഞ്ഞു. ഇത്തരം വിവരങ്ങൾ ചോരുന്നത് ഇസ്രായേലി പൗരൻമാർക്ക് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിന്റെ വിവിധ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ച് ‘ഗ്ലോബൽ സൈബർ അയേൺ ഡോം’ തയാറാക്കുകയാണെന്ന് ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ റോനൻ ബാർ കഴിഞ്ഞവർഷം അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങളുമായി സഹകരിച്ചാണ് ഇത് തയാറാക്കുന്നത്. അത്യാധുനിക നിർമിത ബുദ്ധി ഉപയോഗിച്ച് സൈബർ ആക്രമണങ്ങളെ തടയാൻ സാധിക്കുമെന്നും റോനൻ ബാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനെയെല്ലാം മറികടന്നാണ് ഹമാസ് നിർണായക രേഖകളടക്കം സ്വന്തമാക്കിയതെന്ന് പുതിയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ ഏഴിന് ശേഷമാണ് ഹമാസ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. ആകെ 2,11,000 പേരുകൾ ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റിപ്പോർട്ടിൽ പരാമർശിക്കുന്ന മൂന്നിലൊന്ന് സൈനികരും 30 വയസ്സിന് താഴെയുള്ളവരാണ്. ഗസ്സയിൽ നിലവിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നതും ഈ പ്രായപരിധിയിലുള്ള സൈനികരാണ്. അതേസമയം, ഈ വിവരങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമല്ല.
സൈബർ സുരക്ഷ മാത്രമല്ല, സൈനിക സുരക്ഷാ-പ്രതിരോധ സംവിധാനങ്ങളും പരാജയപ്പെട്ടതിന്റെ തെളിവുകളാണ് ഇസ്രായേലിൽനിന്ന് വരുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണാമയിരുന്നു കഴിഞ്ഞദിവസം ഹൂതികൾ അയച്ച ഡ്രോൺ തെൽ അവീവിൽ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതിന് പുറമെ ഹിസ്ബുല്ലയും ഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനമായ അയേൺ ഡോമിനെ തകർത്തുകൊണ്ട് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്.
ഒക്ടോബർ എട്ടിന് ശേഷം ഹിസ്ബുല്ല ഇസ്രായേലിലേക്ക് 1000 ഡ്രോണുകളാണ് വിക്ഷേപിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ഡ്രോണുകൾ ഇസ്രായേലിന് വലിയ തലവേദനയാവുകയാണ്. ഇവ ചെറുതും കണ്ടുപിടിക്കാൻ പ്രയാസവുമാണ്. ഇവയുടെ പാത പ്രവചനാതീതമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഹൂതികൾ തെൽ അവീവ് ലക്ഷ്യമാക്കി ഡ്രോൺ അയച്ച അതേദിവസം ഹിസ്ബുല്ല 65 റോക്കറ്റുകളാണ് ഇസ്രായേൽ ലക്ഷ്യമാക്കി വിക്ഷേപിച്ചത്.
ഡ്രോണുകൾ കണ്ടെത്തി പ്രതിരോധിക്കാൻ അയേൺ ഡോമിന് സാധിക്കുന്നില്ല എന്നത് ഇസ്രായേലിന് വലിയ വെല്ലുവിളിയാണ്. മാത്രമല്ല, അയേൺ ഡോമിന്റെ വിക്ഷേപണ കേന്ദ്രം തന്നെ ആക്രമിക്കുന്നതിന്റെ വിഡിയോ ഹിസ്ബുല്ല നേരത്തേ പുറത്തുവിട്ടിരുന്നു. ഇറാൻ വികസിപ്പിച്ചെടുത്ത അത്യാധുനിക ഡ്രോണുകളാണ് ഹിസ്ബുല്ല ഉപയോഗിക്കുന്നത്.