‘ഗസ്സയിൽ വെടിനിർത്തലിനായി ട്രംപ്​ ഇടപെടണം’; ബന്ദിയുടെ വിഡിയോ പുറത്തുവിട്ട്​ ഹമാസ്​

തന്നെ തിരികെ എത്തിക്കാൻ ഇസ്രാ​യേൽ സർക്കാർ നടപടിയെടുക്കണമെന്ന് വിഡിയോയിൽ ഏദൻ​ ആവശ്യപ്പെടുന്നുണ്ട്

Update: 2024-12-01 09:40 GMT
Advertising

ഗസ്സ സിറ്റി: തങ്ങളുടെ കൈവശമുള്ള ബന്ദിയുടെ പുതിയ വിഡിയോ പുറത്തുവിട്ട്​ ഹമാസ്​. 20കാരനായ ഏദൻ അലക്​സാണ്ടറി​െൻറ വിഡിയോയാണ്​ പുറത്തുവിട്ടത്​. അമേരിക്കൻ-ഇസ്രായേൽ പൗരത്വമുള്ള ഇയാൾ ഗസ്സ അതിർത്തിയിൽ സൈനിക സേവനത്തിലിരിക്കെയാണ് ഒക്​ടോബർ ഏഴിന്​​ ബന്ദിയാക്കപ്പെടുന്നത്​.

മൂന്നര മിനിറ്റ്​ നീണ്ടുനിൽക്കുന്ന വിഡിയോയിൽ തന്നെ തിരികെ എത്തിക്കാൻ ഇസ്രാ​യേൽ സർക്കാർ നടപടിയെടുക്കണമെന്ന് ഏദൻ​ ആവശ്യപ്പെടുന്നുണ്ട്​. കൂടാതെ തങ്ങളെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കാൻ നിയുക്​ത അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തടവിൽ കഴിയുന്ന ബന്ദികളെ അവഗണിച്ചതിൽ നിരാശയുണ്ടെന്ന്​ ഏദൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമി​ൻ നെതന്യാഹുവിനോട്​ പറഞ്ഞു. ഭയവും ഒറ്റപ്പെടലും ഞങ്ങളെ കൊല്ലുകയാണ്​. ഞങ്ങളെ മറക്കരുത്​. സർക്കാർ ചെയ്​ത തെറ്റിന്​ ഞങ്ങൾ വിലകൊടുക്കുന്നത്​ യുക്​തിക്ക്​ നിരക്കാത്തതാണ്​. എല്ലാ ദിവസവും ജനം തെരുവിലിറങ്ങി സർക്കാരിനെ സമ്മർദ്ദത്തിലാക്കണമെന്നും അലക്​സാണ്ടർ പറഞ്ഞു.

ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചർച്ച നടത്താൻ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവൻ ശക്​തിയും ഉപയോഗിക്കണമെന്നും ട്രംപിനോട്​ വിഡിയോയിൽ അഭ്യർഥിക്കുന്നുണ്ട്​. യുഎസ്​ ​പ്രസിഡൻറ്​ ജോ ബൈഡൻ ചെയ്​ത തെറ്റുകൾ താങ്കൾ ആവർത്തിക്കരുത്​. അദ്ദേഹം അയച്ച ആയുധങ്ങൾ ഇപ്പോൾ ഞങ്ങളെ കൊല്ലുകയാണ്​. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിടുന്നു. എ​െൻറ സഹ യുഎസ്​ പൗരനായ ഗോൾഡ്​ബെർ പോളിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അലക്​സാണ്ടർ പറയുന്നു.

വിഡിയോ പുറത്തുവന്നതോടെ പ്രതികരണവുമായി അലക്​സാണ്ടറുടെ മാതാവ് യീൽ അലക്​സാണ്ടർ​ രംഗത്തുവന്നു. ബന്ദികളെ വീട്ടിലെത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്ന്​ നെതന്യാഹു തന്നെ ഫോണിൽ വിളിച്ച്​ അറിയിച്ചതായി അവർ പറഞ്ഞു. തെൽ അവീവിൽ നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു യീലി​െൻറ പ്രസ്​താവന.

ഇതൊരു ഹോളിവുഡ്​ സിനിമയല്ല. 421 ദിവസമായി ഞങ്ങൾ മോശം സ്വപ്​നത്തിലൂടെയാണ്​ കടന്നുപോകുന്നത്​. പുതിയ വിഡിയോ എന്നെയും കുടുംബത്തെയും ഞെട്ടിപ്പിച്ചിട്ടുണ്ട്​. ഇത്​ പ്രതീക്ഷ നൽകുന്നതാണെങ്കിലും ഏദ​െൻറയും മറ്റുള്ളവരുടെയും അവസ്​ഥ എത്ര മോശമാണെന്ന്​ കാണിച്ചുതരുന്നുണ്ടെന്നും അവർ പറഞ്ഞു​.

ബന്ദികളെ എത്രയും പെ​ട്ടെന്ന്​ തിരികെയെത്തിക്കണമെന്ന്​ യീൽ അലക്​സാണ്ടർ നെതന്യാഹുവിനോട്​ അപേക്ഷിക്കുകയും ചെയ്​തു. ബൈഡനും ട്രംപും ചേർന്ന്​ ബന്ദി മോചനത്തിനായി കരാറിലെത്താൻ പരിശ്രമിക്കണമെന്ന്​ ഏദ​െൻറ മാതാപിതാക്കളായ യീലും ആദിയും പുറത്തിറക്കിയ സംയുക്​ത പ്രസ്​താവനയിലും ആവശ്യപ്പെട്ടു.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News