ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിൻ കൊല്ലപ്പെട്ടു
ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അൽ ശൻത്വിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്
ജറുസലേം: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അൽ ശൻത്വിയും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഹമാസിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹമാസ് സഹസ്ഥാപകൻ അബ്ദുൽ അസീസ് അൽ റൻതീസിയുടെ ഭാര്യയാണ് ജമീലാ അൽ ശൻത്വി. ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു ഇതിൽ ഏഴു പേർ കുട്ടികളാണ്.
റഫ അതിർത്തി നാളെ തുറക്കുമെന്ന റിപ്പോർട്ട് വരുന്നുണ്ട്. റഫ അതിർത്തി തുറക്കുകയാണെങ്കിൽ 20 ട്രെക്കുകൾ മാത്രമേ അനുവദിക്കുകയുള്ളു. പൂർണമായി നിരീക്ഷിച്ചതിന് ശേഷമാണ് ട്രെക്കുകൾ കടത്തി വിടുക. കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളും മരുന്നകളും ഒരു നിലക്കും ഹമാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറാൻ പാടില്ലെന്നതുൾപ്പടെ ചില വ്യവസ്ഥകൾ ഇസ്രായേൽ മുന്നോട്ട് വെച്ചു. 150 ലധികം ട്രക്കുകളാണ് റഫ അതിർത്തിക്ക് പുറത്തുള്ളത്.
അതേസമയം ഋഷിസുനക് ഇസ്രായേലിന് പിന്തുണയുമായി രംഗത്ത് വന്നു. ഭീകരതക്കെതിരായ യുദ്ധത്തിലാണ് ഇസ്രായേലെന്നും ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം നൽകാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു. ഹമാസ് നിയോ നാസികളാണ്. ഹമാസിനെ തുടച്ചു നീക്കുമെന്നും ബന്ദികളുടെ മോചനം ഉറപ്പാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ആവശ്യത്തിനുള്ള വൈദ്യുതിയോ ഇന്ധനമോ ഇല്ലാതെ മുന്ന് ആശുപത്രികളാണ് ഗസ്സയിൽ അടച്ചു പൂട്ടിയത്. ലബനാനിൽ നിന്ന് ഇസ്രായേലിലേക്ക് ആക്രമണമുണ്ടാവുകയും ലബനാൻ അതിർത്തിയിൽ ഇസ്രായേൽ സൈനിക നീക്കം ശക്തമാക്കുകയും ചെയ്തു.