'ഭീകരതക്കെതിരായ യുദ്ധത്തിലാണ് ഇസ്രായേൽ'; ഋഷി സുനക്
ഹമാസ് നിയോ നാസികളാണെന്നും അവരെ തുടച്ചുനീക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു
ജെറുസലേം: ഭീകരതക്കെതിരായ യുദ്ധത്തിലാണ് ഇസ്രായേലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രായേലിന് ഐക്യദാർഢ്യം നേരാനാണ് വന്നതെന്നും ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം നൽകാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും ഋഷി സുനക് പറഞ്ഞു. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബ്രിട്ടീഷ് ബന്ദികളുടെ മോചനത്തിനായും ഒന്നിച്ചു ശ്രമിക്കുമെന്നും ഋഷി സുനക് പറഞ്ഞു. ഇന്ന് ഇസ്രായേലിലെത്തിയ ഋഷി സുനക് പ്രശ്ന പരിഹാരത്തിനായി ഇസ്രായേലിന്‍റെ അയൽ രാജ്യങ്ങളിലും സന്ദർശനം നടത്തും.
ഹമാസ് നിയോ നാസികളാണ്. ഹമാസിനെ തുടച്ചുനീക്കുമെന്നും ബന്ദികളുടെ മോചനം ഉറപ്പാക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് ബ്രിട്ടന്റെ പിന്തുണ ആവശ്യമായ ഘട്ടമാണിതെന്നും ജനാധിപത്യത്തിനും ഭാവിക്കും വേണ്ടിയാണ് ഈ പോരാട്ടമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇന്നലെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേർന്നായിരുന്നു ബൈഡന്‍റെ പ്രതികരണം. 'ഇത് ചെയ്തത് നിങ്ങളല്ല, മറ്റേ ടീമാണെന്ന് തോന്നുന്നു'വെന്നായിരുന്നു ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞത്. ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു.
ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു.
അതേ സമയം ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് ജോർദാൻ. ഇതിനായി ജോർദാൻ രാജാവ് ഇന്ന് ഈജിപ്തിലെത്തും. അതിനിടെ ലബനാനിൽ നിന്ന് ഇസ്രായേലിന് നേരെ ഷെല്ലാക്രമണം നടന്നു. ഹിസ്ബുല്ല ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ രണ്ട് ടാങ്കുവേധ മിസൈലുകൾ അയച്ചു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്തുണ നൽകുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. യുഎസ് അംബാസഡർ മിഷേല ടെയ്‌ലർ സംസാരിക്കവെ പുറം തിരിഞ്ഞു നിന്നാണ് വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പ്രതിഷേധം അറിയിച്ചത്. സമിതിയില്‍ എത്തിച്ചേര്‍ന്ന ഭൂരിപക്ഷവും യുഎസിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി. രണ്ടു ദിവസം നീണ്ടു നിന്ന യോഗത്തിലെ സമാപന റിവ്യൂവിലാണ് ആക്ടിവിസ്റ്റുകളും അഭിഭാഷകരും അടങ്ങുന്ന സമൂഹം പുറംതിരിഞ്ഞ് എഴുന്നേറ്റുനിന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഹമാസ് ആക്രമണത്തിൽ 1402 പേർ കൊല്ലപ്പെടുകയും 4475 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നതാണ് കണക്ക്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 3785 പേരാണ്. 12000ത്തിലേറെ പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. വെസ്റ്റ് ബാങ്കിൽ 65 പേരും ലബനാനിൽ 21 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.