അത്താഴത്തിനും നോമ്പ് തുറക്കാനും ഭക്ഷണമില്ലാതെ ഗസ്സയിലെ ആരോഗ്യ പ്രവർത്തകർ
പട്ടിണി മൂലം രണ്ട് കുട്ടികൾ കൂടി മരിച്ചു
ഗസ്സ: വടക്കൻ ഗസ്സയിലെ 2000 ആരോഗ്യ പ്രവർത്തകർ അത്താഴവും ഇഫ്താറുമില്ലാതെയാണ് നോമ്പ് അനുഷ്ഠിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സംഘങ്ങൾ ഗസ്സയിൽ രാപകലില്ലാതെ പ്രവർത്തിക്കുന്നുവെന്നും അവർക്ക് കഴിക്കാൻ ഒന്നുമില്ലെന്നും മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പ്രസ്താവനയിൽ പറഞ്ഞു.
ഇവരുടെ ആരോഗ്യം ഭക്ഷണത്തിന്റെ അഭാവം മൂലം വളരെ മോശമായിട്ടുണ്ട്. ആരോഗ്യ സംഘങ്ങളെ അവരുടെ ജോലി നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിന് റെഡിമെയ്ഡ് ഭക്ഷണം നൽകാൻ അദ്ദേഹം അന്താരാഷ്ട്ര, ദുരിതാശ്വാസ സംഘടനകളോട് അഭ്യർഥിച്ചു.
പട്ടിണി മൂലം ഗസ്സയിൽ രണ്ട് കുട്ടികൾ കൂടി മരിച്ചതായും അധികൃതർ അറിയിച്ചു. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്. പോഷകാഹാരക്കുറവ്, നിർജ്ജലീകരണം, മെഡിക്കൽ സൗകര്യങ്ങളുടെ കുറവ് എന്നിവ കുട്ടികളുടെ മരണത്തിലേക്ക് വഴിവെച്ചു. ഇതോടെ പോഷകാഹാരക്കുറവ് മൂലം മരിച്ചവരുടെ എണ്ണം 27 ആയി.
ഇസ്രായേലിന്റെ സമ്പൂർണ ഉപരോധവും ആസൂത്രിത വംശഹത്യയും കാരണം ഗസ്സയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇത് കുട്ടികൾക്കടക്കം ഭക്ഷണം ലഭിക്കുന്നതിൽ വലിയ വിഘാതമാകുന്നുണ്ട്.
പട്ടിണി കൊണ്ട് പൊറുതിമുട്ടിയ അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടാനാവാത്ത ഗതികേടിലാണ്. ഇതിനാൽ കുഞ്ഞുങ്ങൾക്കായി മറ്റു ഭക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് രക്ഷിതാക്കൾ.
പട്ടിണി കാരണം വടക്കൻ ഗസ്സയിലെ ജനങ്ങളുടെ ശരാശരി ഭാരം വളരെ കുറഞ്ഞതായി ദുരിതാശ്വാസ പ്രവർത്തകർ അറിയിച്ചു. വടക്കൻ ഗസ്സയിലാണ് ഭക്ഷ്യക്ഷാമം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെയാണ് ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ആക്രമണം ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് പേർ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്തു.
വടക്കൻ ഗസ്സയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് തെക്കൻ ഗസ്സയെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു. രണ്ട് വയസ്സിന് താഴെയുള്ള ആറ് കുട്ടികളിൽ ഒരാളെങ്കിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ മുമ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ കണക്കുകൾ ഇന്ന് ഇതിലും കൂടുതലായിരിക്കുമെന്ന് പ്രദേശത്തിന്റെ ലോകാരോഗ്യ സംഘടന പ്രതിനിധി റിച്ചാർഡ് പീപ്പർകോൺ മുന്നറിയിപ്പ് നൽകി. പോഷകാഹാരക്കുറവ് മൂലം ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കാര്യമായ ആരോഗ്യ ഭീഷണികൾ നേരിടുന്നുണ്ടെന്ന് എൻ.ജി.ഒകളുടെ കൂട്ടായ്മയായ ഗ്ലോബൽ ന്യൂട്രീഷൻ ക്ലസ്റ്റർ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോകുന്ന ട്രക്കുകൾ ഇസ്രായേൽ മനഃപൂർവം തടയുകയാണെന്ന് യൂറോ-മെഡ് മോണിറ്റർ ആരോപിച്ചു. വടക്കൻ ഗസ്സയിലെ ജനവാസം തന്നെ ഇല്ലാതാക്കാനാണ് ഇസ്രായേലിന്റെ ശ്രമം. സൈനിക ആക്രമണം, ഭീഷണിപ്പെടുത്തൽ, പട്ടിണി എന്നിവ ആയുധമാക്കി വടക്കൻ ഗസ്സയിൽനിന്ന് ഫലസ്തീനികളെ തെക്കൻ ഭാഗത്തേക്ക് കുടിയിറക്കുകയാണ്. പട്ടിണി മൂലം മരണം ഒഴിവാക്കാൻ ഭക്ഷണത്തിനും വെള്ളത്തിനുമായി ഗാസയുടെ മധ്യ, തെക്കൻ പ്രദേശങ്ങളിലേക്ക് പോകാൻ ഇസ്രായേൽ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടതായും യൂറോ - മെഡ് മോണിറ്റർ വ്യക്തമാക്കുന്നു.
പട്ടിണിയെ ആയുധമാക്കിയ ഇസ്രായേൽ, ഗസ്സയിലെ ഭക്ഷണ സംവിധാനങ്ങളെ തകർക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്ര സഭ പ്രതിനിധി മൈക്കൽ ഫക്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്ര സഭക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്നും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുകയാണെന്നും പ്രദേശം വലിയ ക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും സന്നദ്ധ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.