വെള്ളം കിട്ടാതെ ചത്തുവീഴുന്ന മൃഗങ്ങള്‍, വരള്‍ച്ച 4,000 മൃഗങ്ങളെ കൊല്ലുമെന്ന് മുന്നറിയിപ്പ്; ഹൃദയം പൊള്ളിക്കുന്ന കെനിയയിലെ കണ്ണീര്‍ക്കാഴ്ചകള്‍

വെള്ളിയാഴ്ച വാജിറിലെ സാബുലി വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ഈ കാഴ്ച

Update: 2022-08-29 09:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊടുംവരള്‍ച്ചയില്‍ പൊള്ളുകയാണ് കെനിയ. എവിടെ നോക്കിയാലും വെള്ളം കിട്ടാതെ ചത്തുവീണ മൃഗങ്ങളുടെ മൃതശരീരങ്ങള്‍. തുടരുന്ന വരള്‍ച്ച നാലായിരത്തോളം മൃഗങ്ങളുടെ ജീവനെടുക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വറ്റിപ്പോയ കുളത്തില്‍ നിന്നും വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെളിയില്‍ പുതഞ്ഞുപോയി ഒടുവില്‍ ജീവനറ്റ ആറു ജിറാഫുകളുടെ ഹൃദയഭേദകമായ കാഴ്ച. വാജിറിലെ സാബുലി വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് കരളലയിക്കുന്ന ഈ ദൃശ്യം. പൊള്ളുന്ന വെയിലില്‍ ചത്തുകിടക്കുന്ന ജിറാഫുകള്‍ ആരെയും കണ്ണീരണിയിക്കും. കെനിയയിലെ വരള്‍ച്ചയുടെ തീവ്രത വെളിവാക്കുന്നതാണ് ഈ ചിത്രങ്ങള്‍. മൃതദേഹങ്ങളും വരണ്ട നിലയിലാണ്. ജിറാഫുകള്‍ ചത്തിട്ട് കുറച്ചു ദിവസങ്ങളായെന്ന് ഫോട്ടോയില്‍ നിന്നും വ്യക്തമാണ്.



സെപ്തംബറിൽ സാധാരണ മഴയുടെ മൂന്നിലൊന്നിൽ താഴെ മാത്രമാണ് ഈ മേഖലയില്‍ മഴ ലഭിച്ചത്. കടുത്ത വരള്‍ച്ചയും കുടിവെള്ളക്ഷാമവും പട്ടിണിയും മൂലം ജിറാഫുകള്‍ അവശനിലയിലായിരുന്നു. മഴയുടെ അഭാവം മൂലമുണ്ടായ ഭക്ഷ്യ-ജല ദൗർലഭ്യം മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിച്ചു.വരള്‍ച്ച ഗാരിസ കൗണ്ടിയിലെ 4,000 ജിറാഫുകളുടെ ജീവനെടുക്കുമെന്ന് കെനിയൻ പത്രമായ ദി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. വരള്‍ച്ച വന്യമൃഗങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വരൾച്ച പല മൃഗങ്ങളുടെയും സ്ഥിതി കൂടുതൽ വഷളാക്കിയതായി ബർ-അൽഗി ജിറാഫ് സങ്കേതത്തിലെ തൊഴിലാളിയായ ഇബ്രാഹിം അലി പറഞ്ഞു. വന്യജീവികൾക്ക് കൂടുതൽ വെള്ളം എത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രദേശങ്ങൾ തുറന്ന് വിടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്തില്‍ പുറത്തിറക്കിയ ആദ്യത്തെ ദേശീയ വന്യജീവി സെൻസസ് അനുസരിച്ച്, കെനിയയിൽ മൂന്നിനത്തില്‍ പെടുന്ന ആകെ 34,240 ജിറാഫുകൾ ഉണ്ട്. മസായി ജിറാഫ്, റെറ്റിക്യുലേറ്റഡ് ജിറാഫ്, നുബിയൻ ജിറാഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വരള്‍ച്ചയെ ദേശീയ ദുരന്തമായി കെനിയൻ പ്രസിഡന്‍റ് ഉഹുറു കെനിയാട്ട സെപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നു. വരൾച്ച മൂലം രണ്ട് ദശലക്ഷത്തിലധികം കെനിയക്കാർ പട്ടിണിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. കെനിയയുടെ പല ഭാഗങ്ങളിലും അടിയന്തരമായി ഭക്ഷ്യസഹായം ആവശ്യമാണെന്ന് ദേശീയ വരൾച്ച മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു.

കെനിയയും കിഴക്കൻ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളും ഈ വർഷം ദശാബ്ദത്തിലെ ഏറ്റവും മോശമായ വെട്ടുക്കിളി ബാധയെ നേരിട്ടിരുന്നു. വെട്ടുക്കിളികള്‍ കൃഷിയും മേച്ചില്‍ സ്ഥലങ്ങളും നശിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രാണികൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.ആഫ്രിക്കയിൽ ഉടനീളം ഇത്തരം കാലാവസ്ഥാ ആഘാതങ്ങൾ കൂടുതലായി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News