ഇസ്രായേൽ കരയാക്രമണത്തിന് ഹിസ്ബുല്ലയുടെ തിരിച്ചടി; അതിർത്തിയിൽ സൈന്യത്തിനുനേരെ ഷെൽവർഷം

2006ൽ നടന്ന 34-ദിന യുദ്ധത്തിലായിരുന്നു അവസാനമായി അതിർത്തി കടന്നുള്ള ഇസ്രായേൽ ആക്രമണം

Update: 2024-10-01 08:27 GMT
Editor : Shaheer | By : Web Desk
Advertising

ബെയ്‌റൂത്ത്: ലബനാനിൽ ഇസ്രായേൽ കരയാക്രമണം ആരംഭിച്ചതിനു പിന്നാലെ തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേലിലെ സൈനികർക്കുനേരെ ഷെല്ലാക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. വടക്കൻ അതിർത്തി പ്രദേശമായ മെറ്റൂലയിലായിരുന്നു ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ദക്ഷിണ ലബനാനിൽ കരമാർഗം ഇസ്രായേൽ ഭാഗികമായ ആക്രമണം ആരംഭിച്ചത്.

മെറ്റൂല്ല വഴിയുള്ള ശത്രുസൈന്യത്തിന്റെ നീക്കം ഷെല്ലാക്രമണത്തിലൂടെ തകർത്തെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചത്. അതിർത്തി പ്രദേശങ്ങളിലെ ഐഡിഎഫ് സൈനികരെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയതായി മറ്റൊരു വാർത്താ കുറിപ്പിലും വ്യക്തമാക്കി. മെറ്റൂലയിലേക്ക് ലബനാനിൽനിന്ന് റോക്കറ്റുകൾ എത്തിയെന്ന് ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ച് റോക്കറ്റുകളാണ് അതിർത്തി ലക്ഷ്യമാക്കി എത്തിയതെന്നാണ് ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചത്. ഇതിൽ ചിലത് തകർത്തെന്നും ചിലത് ഒഴിഞ്ഞ പ്രദേശങ്ങളിലാണു പതിച്ചതെന്നും കുറിപ്പിൽ പറയുന്നു. വടക്കൻ പ്രദേശമായ അപ്പർ ഗലീലിയിലെ അവിവിമിലും നിരവധി റോക്കറ്റുകൾ എത്തിയിരുന്നു. ഇതും ആളൊഴിഞ്ഞ സ്ഥലത്താണു പതിച്ചതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. ആർക്കും പരിക്കേറ്റതായി വിവരമില്ല. മെറ്റൂലയിലും അവിവിമിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങിയിരുന്നു.

അതേസമയം, തിങ്കളാഴ്ച രാത്രിയാണ് തെക്കൻ ലബനാനിലൂടെ ഇസ്രായേൽ സൈന്യം കരയാക്രമണം ആരംഭിച്ചത്. ഭാഗികവും നിയന്ത്രിതവും തദ്ദേശീയവുമായ കരയാക്രമണമെന്നാണ് ഇതിനെ ഇസ്രായേൽ വിശേഷിപ്പിച്ചത്. വടക്കൻ ഇസ്രായേലിൽ തങ്ങളുടെ പൗരന്മാർ നേരിടുന്ന ഭീഷണി തടയുകയാണു സൈനികനീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആക്രമണത്തെ കുറിച്ച് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുതിയ യുദ്ധസാഹചര്യത്തിൽ ലബനാൻ ഭരണകൂടം അതിർത്തി പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇസ്രായേൽ സൈനിക നീക്കം ആരംഭിച്ചതോടെ ഇവർ മറ്റു പ്രദേശങ്ങളിലേക്കു പിൻവാങ്ങിയതായാണ് ലബനീസ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽഅറബിയ്യ' റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്ത പിന്നീട് ലബനീസ് സൈന്യം നിഷേധിച്ചു. ഇസ്രായേൽ നീക്കം ലബനാൻ ഇതുവരെ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

വടക്കൻ മേഖലയിലുള്ള ലബനാൻ പൗരന്മാർ അതിർത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിങ്ങളുടെ സുരക്ഷയ്ക്കായാണ് നിർദേശമെന്നു പറഞ്ഞാണ് ഇസ്രായേൽ സൈന്യത്തിന്റെ അറബി വക്താവ് അവിച്ചായ് അദ്രായ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. അടുത്തൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ നിർദേശം അനുസരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയതിനു പിന്നാലെയാണ് സൈന്യം ലബനാൻ കരയാക്രമണം ആരംഭിച്ചത്. ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധത്തിലെ അടുത്ത ഘട്ടമെന്നാണ് ഇതിനെ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് വിശേഷിപ്പിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇത് നാലാമത്തെ തവണ മാത്രമാണ് ഇസ്രായേൽ അതിർത്തി കടന്ന് ലബനാനിലേക്ക് അതിക്രമിച്ചു കടക്കുന്നത്. അവസാനമായി 2006ൽ നടന്ന 34-ദിന യുദ്ധത്തിലായിരുന്നു അതിർത്തി കടന്നുള്ള ഇസ്രായേൽ ആക്രമണം.

എത്ര സൈനികരാണ് ആക്രമണത്തിന്റെ ഭാഗമായുള്ളതെന്ന വിവരം ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല. കരയുദ്ധത്തിനായി റിസർവ് സേന ഉൾപ്പെടെ 18 ബ്രിഗേഡുകളെ സജ്ജമാക്കിയതായി നേരത്തെ വിവരമുണ്ടായിരുന്നു. 70,000 മുതൽ ഒരു ലക്ഷത്തോളം പേർ ഇതിലുണ്ടാകുമെന്നാണ് സൈനിക-സുരക്ഷാ നിരീക്ഷകനായ എലിജാ മാഗ്നീർ 'അൽജസീറ'യോട് പറഞ്ഞത്.

ഹിസ്ബുല്ലയുടെ പ്രധാന കരുത്ത് മിസൈൽ യൂനിറ്റുകളും പ്രത്യേക സേനാ വിഭാഗവുമാണ്. മിസൈൽ യൂനിറ്റിന്റെ ഭൂരിഭാഗമോ 50 മുതൽ 70 ശതമാനം വരെയെങ്കിലും ദിവസങ്ങൾക്കു മുൻപ് ഹസൻ നസ്‌റുല്ലയുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ തകർത്തതായാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. ലിറ്റാനി നദിയുടെ തെക്കും വടക്കുമായി രണ്ടു ഭാഗങ്ങളായി വിന്യസിക്കപ്പെട്ട സ്‌പെഷൽ സേനാ വിഭാഗത്തിലെ രണ്ട് യൂനിറ്റുകളാണ് ഇസ്രായേലിന്റെ അടുത്ത ലക്ഷ്യമെന്നും എലിജാ പറയുന്നു. ഇതിനുശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുകയാണെന്നു സൂചന.

Summary: Hezbollah launches artillery attack on Israeli troops in Metula in retaliation to ’ground offensive’ in Lebanon

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News