ലബനാനിൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി പടരുന്നു
ലബനാൻ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇന്നലെ വൈകിട്ടാണ് ഇസ്രായേലിന്‍റെ വ്യോമാക്രമണം നടന്നത്
തെല്‍ അവിവ്: 12 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ഇസ്രായേലിന്‍റെ ബൈറൂത്ത് ആക്രമണത്തിനു പിന്നാലെ മേഖലയിൽ യുദ്ധഭീതി പടരുന്നു.
ലബനാൻ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇന്നലെ വൈകിട്ടാണ് ഇസ്രായേലിന്‍റെ വ്യോമാക്രമണം നടന്നത്. ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഇബ്രാഹീം ആഖിൽ അടക്കം 12 പേർ കൊല്ലപ്പെട്ടു. 66ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ 9 പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും. ഇബ്രാഹിം ആഖിൽ അടക്കം ഇരുപത് ഹിസ്ബുല്ല പോരാളികൾ രഹസ്യയോഗം ചേർന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു. ഹിസ്ബുല്ലയുടെ ഉയർന്ന സൈനിക വിഭാഗമായ ജിഹാദ് കൗൺസിൽ അംഗം കൂടിയാണ് ഇബ്രാഹീം ആഖിൽ. എന്നാൽ ഹിസ്ബുല്ല മരണം സ്ഥിരീകരിച്ചിട്ടില്ല. 1983ൽ ബൈറൂത്തിലെ എംബസിയിൽ 63 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഭീകരവാദിയെന്ന് മുദ്രകുത്തി യു.എസ് നീതിന്യായ വകുപ്പ് തലക്ക് വിലയിട്ടയാളാണ് ഇബ്രാഹിം ആഖിൽ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് ഏഴ് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിന്‍റെ ഉത്തര മേഖലയെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നൂറിലേറെ റോക്കറ്റുകൾ തൊടുത്തു. ഇസ്രായേൽ, ലബനാൻ സംഘർഷം മേഖലായുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ നയതന്ത്രനീക്കം തുടരുമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. അതേസമയം ഏതു സാഹചര്യം നേരിടാനും സേന സജ്ജമാണെന്ന് പെന്‍റഗൺ നേതൃത്വം വ്യക്തമാക്കി. ട്രുമാൻ വിമാനവാഹിനി കപ്പൽ തിങ്കളാഴ്ച ഗൾഫ് തീരം ലക്ഷ്യമാക്കി നീങ്ങും. മേഖലയിൽ സൈനിക പുനർവിന്യാസം തൽക്കാലം തീരുമാനിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരകളും ബൈറൂത്ത് ആക്രമണവും ശക്തമായി അപലപിച്ച് യു.എൻ മനുഷ്യാവകാശ കമീഷണർ രംഗത്തുവന്നു. രാത്രി ചേർന്ന യു.എൻ രക്ഷാസമിതി യോഗവും പുതിയ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ഗസ്സയിലും ഇസ്രായൽ ആക്രമണം തുടർന്നു. ഇന്നലെ മാത്രം 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.