ഇസ്രായേലിൽ ഡ്രോൺ-മിസൈൽ ആക്രമണം; തിരിച്ചടിയുടെ 'ആദ്യ ഘട്ടം' പൂർത്തിയായെന്ന് ഹിസ്ബുല്ല

ഇസ്രായേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ചാനൽ 12 ഉൾപ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Update: 2024-08-25 06:38 GMT
Editor : rishad | By : Web Desk
Advertising

ബെയ്‌റൂത്ത്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല. മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേര്‍ക്ക് അയച്ചതായും ഹിസ്ബുല്ല പറഞ്ഞു. 

തെക്കൻ ലെബനാനിൽ വ്യോമാക്രണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ല തിരിച്ചടിക്കുന്നത്. ഏത് സമയത്തും ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയിലാണ് ഹിസ്ബുല്ലയും ഇസ്രായേലും പരസ്പരം ആക്രമിക്കുന്നത്.

ഇസ്രായേലിനുള്ളിലെ ഒരു സുപ്രധാന സൈനിക കേന്ദ്രത്തിന് നേരെ ഞങ്ങൾ നിരവധി ഡ്രോണുകൾ ഉപയോഗിച്ച് വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

വടക്കൻ അധിനിവേശ ഫലസ്തീനിലെ നിരവധി ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍, ബാരക്കുകൾ, അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവിടങ്ങളെ ലക്ഷ്യമിട്ടതായും ഹിസ്ബുല്ല പറഞ്ഞു. ഫുവാദ് ഷുക്കൂറിന്റെ കൊലപാതകത്തോടുള്ള ആദ്യ പ്രതികരണം എന്നാണ് ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. തിരിച്ചടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും ഹിസ്ബുല്ല വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 30നാണ് ഫുവാദ് ഷുക്കൂറിനെ ഇസ്രായേൽ കൊലപ്പെടുത്തുന്നത്. ഇതിന് പ്രതികരണം ഉണ്ടാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ലെബനനിലെ ചെറുത്തുനിൽപ്പ് ഇപ്പോൾ അതിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലാണ്. ഏത് ഇസ്രായേലി ആക്രമണത്തോടും ശക്തമായി പ്രതികരിക്കും. നാട്ടുകാര്‍ക്ക് പരിക്കേൽക്കുകയാണെങ്കിൽ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രയേലിന് നേര്‍ക്ക് മിസൈലുകളും റോക്കറ്റുകളും തൊടുത്തുകൊണ്ടുള്ള വലിയ ആക്രമണം നടത്താന്‍ ഹിസ്ബുല്ല തയ്യാറെടുക്കുകയായിരുന്നെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെക്കൻ ലബനാനിൽ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെടുന്നത്.

ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ടെൽ അവീവിനടുത്തുള്ള ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും ഇസ്രായേൽ അധികൃതർ നിർത്തിവച്ചു. വടക്കൻ ഇസ്രായേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ചാനൽ 12 ഉൾപ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇസ്രായേലിലെയും ലെബനനിലെയും സംഭവവികാസങ്ങള്‍ യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ സൂക്ഷ്മമമായി നിരീക്ഷിക്കുന്നതായി വൈറ്റ് ഹൗസ്‌ വ്യക്തമാക്കി. ബൈഡന്റെ നിര്‍ദേശപ്രകാരം മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ ഇസ്രായേലുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തെ ഞങ്ങൾ പിന്തുണക്കുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് വ്യക്തമാക്കി.   

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News